ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണം: എകെസിസി
1577113
Saturday, July 19, 2025 6:01 AM IST
തവിഞ്ഞാൽ: ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണമെന്ന് സെന്റ് മേരീസ് പള്ളി ഓഡിറ്റോറിയത്തിൽ ചേർന്ന എകെസിസി യൂണിറ്റ് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷത്തിന്റെ പിന്നാക്കാവസ്ഥ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് കമ്മീഷനെ നിയോഗിച്ചത്. നിരവധി ശിപാർശകൾ അടങ്ങുന്ന റിപ്പോർട്ട് കമ്മീഷൻ സമർപ്പിച്ച് വർഷങ്ങൾ കഴിഞ്ഞു. എന്നിട്ടും സർക്കാർ തലത്തിൽ നടപടി ഉണ്ടാകാത്തത് അപലപനീയമാണ്.
മത പരിവർത്തന നിരോധന നിയമം നടപ്പാക്കുന്നതിന് മഹാരാഷ്ട്ര ഉൾപ്പെടെ ചില സംസ്ഥാനങ്ങൾ നടത്തുന്ന ശ്രമം ഭരണഘടനാവിരുദ്ധമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുക, തെരുവുനായ ശല്യത്തിന് പരിഹാരം കാണുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.
എകെസിസി മേഖലാ ഡയറക്ടർ ഫാ. ജയിംസ് പുത്തൻപറന്പിൽ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി ജോണി കുര്യൻ, വൈസ് പ്രസിഡന്റ് കെ.ജെ. ദേവസ്യ, തങ്കച്ചൻ, സിസ്റ്റർ ഫിൽസി മരിയ, കെ.ജെ. ഫ്രാൻസിസ്, മോളി ദേവസ്യ, എ.ജെ. ജോസഫ് എന്നിവർ പ്രസംഗിച്ചു.