ഉഡുപ്പി-കരിന്തളം വൈദ്യുത ലൈന്‍; ചര്‍ച്ചകള്‍ വീണ്ടും പ്രഹസനമായി
1263255
Monday, January 30, 2023 12:42 AM IST
അട്ടേങ്ങാനം: ഉഡുപ്പി-കരിന്തളം 400 കെവി ലൈന്‍ കടന്നുപോകുന്ന പ്രദേശങ്ങളിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ബന്ധപ്പെട്ട പഞ്ചായത്തുകളില്‍ വിളിച്ചുചേര്‍ത്ത ജനപ്രതിനിധികളുടെയും സ്ഥലമുടമകളുടെയും യോഗം വീണ്ടും പ്രഹസനമായതായി പരാതി. കിനാനൂര്‍-കരിന്തളം, കോടോം-ബേളൂര്‍ പഞ്ചായത്തുകളിലാണ് ഇന്നലെ യോഗം വിളിച്ചിരുന്നത്. എന്നാല്‍ കിനാനൂര്‍-കരിന്തളത്തെ യോഗം തീരാന്‍ താമസിച്ചതിനാല്‍ കോടോം-ബേളൂരില്‍ എത്താനാകില്ലെന്ന് കമ്പനി പ്രതിനിധികള്‍ അറിയിക്കുകയായിരുന്നു.
ഉച്ച കഴിഞ്ഞ് മൂന്നിന് നിശ്ചയിച്ചിരുന്ന യോഗത്തിന് നേരത്തേ സ്ഥലത്തെത്തി കാത്തിരിക്കുകയായിരുന്ന ജനപ്രതിനിധികളും കര്‍ഷകരും സ്ഥലമുടമകളും ഇതോടെ നിരാശരായി തിരിച്ചുപോകേണ്ടിവന്നു. കര്‍ഷക രക്ഷാസമിതി ചെയര്‍മാനും ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനുമായ ഷിനോജ് ചാക്കോ, പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജ, വൈസ് പ്രസിഡന്റ് ദാമോദരന്‍, സ്ഥിരം സമിതി അധ്യക്ഷ ജയശ്രീ എന്നിവരടക്കമുള്ള ജനപ്രതിനിധികളും വില്ലേജ് ഓഫീസറും കര്‍ഷകരും സ്ഥലമുടമകളും രണ്ടുമണിക്കൂറിലേറെ കാത്തിരുന്നതിനു ശേഷമാണ് കമ്പനി പ്രതിനിധികള്‍ എത്താനാകില്ലെന്ന് അറിയിച്ചത്.
പ്രശ്നത്തെ എത്രത്തോളം ലാഘവത്തോടെയാണ് കമ്പനി പ്രതിനിധികള്‍ നോക്കിക്കാണുന്നതെന്നതിന്റെ തെളിവാണിതെന്ന് കര്‍ഷക രക്ഷാസമിതി ചെയര്മാന് ഷിനോജ് ചാക്കോ പറഞ്ഞു. ഇനി ഇവിടെ യോഗം എന്നു നടക്കുമെന്ന കാര്യവും അറിയിച്ചിട്ടില്ല.
എതിര്‍പ്പുകള്‍ താരതമ്യേന ശക്തമായ കോടോം-ബേളൂരിലെ യോഗം കമ്പനി പ്രതിനിധികള്‍ മനഃപൂര്‍വം ഒഴിവാക്കി അടുത്ത സ്ഥലമായ ബേഡഡുക്കയിലേക്ക് പോവുകയായിരുന്നുവെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
കിനാനൂര്‍-കരിന്തളത്ത് നടന്ന യോഗത്തില്‍ കര്‍ഷകരും സ്ഥലമുടമകളും തങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളും ആശങ്കകളും വിവരിച്ചെങ്കിലും അവ പരിഹരിക്കാനുള്ള കാര്യമായ നിര്‍ദേശങ്ങളൊന്നും കമ്പനി പ്രതിനിധികളുടെയോ ഉദ്യോഗസ്ഥരുടെയോ ഭാഗത്തുനിന്നുണ്ടായില്ല. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രവി അടക്കമുള്ള ജനപ്രതിനിധികളും കര്‍ഷക രക്ഷാസമിതി പ്രതിനിധികളായ നാരായണന്‍കുട്ടി, പത്മനാഭന് എന്നിവരും യോഗത്തില്‍ പങ്കെടുത്തു. ഒടുവില്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഒരു കമ്മിറ്റി രൂപീകരിച്ച് ബന്ധപ്പെട്ട സ്ഥലങ്ങളില്‍ നേരിട്ട് സന്ദര്‍ശനം നടത്തി കാര്‍ഷിക വിളകളുള്പ്പെടെയുള്ളവയുടെ നഷ്ടം കണക്കാക്കാന്‍ തീരുമാനിച്ചു.
കാര്‍ഷിക വിളകള്‍ക്ക് നഷ്ടപരിഹാരം നല്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തെങ്കിലും ലൈന്‍ കടന്നുപോകുന്ന വഴിയിലെ ഭൂമിയുടെ വില ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടതെന്ന സമീപനമാണ് ബന്ധപ്പെട്ടവര്‍ സ്വീകരിച്ചത്. ഇന്നലെ യോഗം നിശ്ചയിച്ചിരുന്ന മൂന്നാമത്തെ പഞ്ചായത്തായ ബേഡഡുക്കയിലും ഒട്ടനവധി പേര് കാത്തുനിന്നെങ്കിലും കമ്പനി പ്രതിനിധികള്‍ ഏറെ വൈകിയാണ് എത്തിയത്. കാര്യമായ തീരുമാനങ്ങളില്ലാതെ യോഗം പിരിയുകയും ചെയ്തു.
കര്‍ഷകരുടെയും സ്ഥലമുടമകളുടെയും ആവശ്യങ്ങളുടെ കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വ്യക്തമായ തീരുമാനമുണ്ടാകുന്നതുവരെ സമര പരിപാടികള്‍ തുടരുമെന്ന് കര്‍ഷക രക്ഷാസമിതി നേതാക്കള്‍ പറഞ്ഞു.