ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ക്ക് ആറുമാസമായിട്ടും മൂല്യനിര്‍ണയ വേതനം നൽകിയില്ല
1338687
Wednesday, September 27, 2023 2:33 AM IST
കാസര്‍ഗോഡ്: ഹയര്‍ സെക്കന്‍ഡറി ഒന്നും രണ്ടും വര്‍ഷ പൊതുപരീക്ഷയുടെ മൂല്യനിര്‍ണയ ജോലിയുടെ പ്രതിഫലം തടഞ്ഞു വച്ചിട്ട് ആറുമാസക്കാലം പിന്നിടുന്നു.
പ്ലസ് വണ്‍, പ്ലസ്ടു പൊതുപരീക്ഷകളുടെ ഫലം പ്രഖ്യാപിച്ച് മാസങ്ങള്‍ പിന്നിടുമ്പോഴും 2023 ഏപ്രില്‍ മാസത്തില്‍ നടന്ന ഹയര്‍സെക്കന്‍ഡറി പരീക്ഷകളുടെ മൂല്യനിര്‍ണയത്തിന്റെ പ്രതിഫലമാണ് ഇപ്പോഴും തടഞ്ഞുവച്ചിരിക്കുന്നത്.
ഒന്നാംവര്‍ഷ പരീക്ഷാഫലം മെച്ചപ്പെടുത്താനുള്ള ഇംപ്രൂവ്മെന്റ് പരീക്ഷയുടെ മുഴുവന്‍ ഫീസും സ്വീകരിച്ച് ഒക്ടോബര്‍ ഒമ്പതിനു പരീക്ഷ ആരംഭിക്കാനിരിക്കുമ്പോഴും മാസങ്ങള്‍ക്കു മുമ്പേ നടന്ന മൂല്യനിര്‍ണയ ജോലിയുടെ പ്രതിഫലമാണ് ലഭ്യമാകാതിരിക്കുന്നത്.
സംസ്ഥാനത്തുടനീളം 80 ക്യാമ്പുകളിലായി നടന്ന ഹയര്‍സെക്കന്‍ഡറി കേന്ദ്രീകൃത മൂല്യനിര്‍ണയത്തിന്റെ പ്രതിഫലം നല്കുന്നതിനു ഏതാണ്ട് ചെലവു വരുന്ന 30.4 കോടി രൂപയുടെ സ്ഥാനത്ത് കേവലം 8.9 കോടി രൂപ മാത്രമാണ് എല്ലാ ക്യാമ്പുകളിലേക്കുമായി അനുവദിച്ചത്.
ആകെ വേണ്ട തുകയുടെ നാലിലൊന്ന് തുക മാത്രം അനുവദിച്ചതിനാല്‍ കേവലം 25 ശതമാനം അധ്യാപകര്‍ക്ക് മാത്രമാണ് പ്രതിഫലം ലഭ്യമായത്. അതേസമയം ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയത്തോടൊപ്പം നടന്ന എസ്എസ്എല്‍സി പരീക്ഷാ മൂല്യനിര്‍ണയത്തിന്റെ മുഴുവന്‍ പ്രതിഫലവും അധ്യാപകര്‍ക്ക് അതതു സമയം വിതരണം ചെയ്തിട്ടുണ്ട്.
ഒന്നും രണ്ടും വര്‍ഷ പരീക്ഷകള്‍ക്ക് യഥാക്രമം 240, 270 രൂപ വിതവും സേ പരീക്ഷയ്ക്ക് ഒരു പേപ്പറിന് 150 രൂപ വീതവും പുനര്‍മൂല്യനിര്‍ണയത്തിന് പേപ്പറ് ഒന്നിന് 500 രൂപയുമാണ് പിരിച്ചെടുക്കുന്നത്.
ഈ തുക ലഭ്യമാണെന്നിരിക്കെ ഹയര്‍സെക്കന്‍ഡറി പരീക്ഷയുമായി ബന്ധപ്പെട്ട ജോലികളുടെ പ്രതിഫല കാര്യത്തില്‍ മാത്രം മാസങ്ങളായി തുടരുന്ന അന്യായമായ കാലതാമസം, ഹയര്‍സെക്കന്‍ഡറി മേഖലയോടുള്ള അവഗണനയാണെന്ന് അധ്യാപകസംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.
പ്രത്യേക പരീക്ഷാ ഫീസ് ഇല്ലാത്ത എസ്എസ്എല്‍സി പരീക്ഷാ ജോലിക്കും മൂല്യനിര്‍ണയത്തിനും സമയബന്ധിതമായി പ്രതിഫലം ലഭ്യമാക്കുന്ന സാഹചര്യമുള്ളപ്പോള്‍ ഹയര്‍ സെക്കന്‍ഡറി മേഖലയില്‍ മാസങ്ങളായി പ്രതിഫലം തടഞ്ഞു വക്കുന്ന നടപടി അംഗീകരിക്കാനാകില്ലെന്ന് അധ്യാപകര്‍ പറയുന്നു.
ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ക്കു നല്‍കേണ്ട വേതനം നല്‍കാത്തത് നീതിനിഷേധവും വിഭാഗീയതയുമാണെന്ന് എഫ്എച്ച്എസ്ടിഎ സംസ്ഥാന സമിതി അംഗം ജിജി തോമസ് പറഞ്ഞു. പരീക്ഷാ ജോലിയുമായി ബന്ധപ്പെട്ട് പിരിച്ചെടുക്കുന്ന ഫീസ് വകമാറ്റുന്നതിന്റെ ഭാഗമായാണ് പ്രതിഫലം നല്കാനാവാത്ത സാഹചര്യം സംജാതമാകുന്നത്. ഒക്ടോബര്‍ ഒമ്പതിനു ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ ഇംപ്രൂവ്മെന്റ് പരീക്ഷ കൂടി ആരംഭിക്കാനിരിക്കുകയാണ്.
ഈ പരീക്ഷക്ക് മുമ്പായി കുടിശികയുള്ള പ്രതിഫലത്തുക അടിയന്തരമായി അനുവദിക്കണമെന്നു ഫെഡറേഷന് ഓഫ് ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്സ് അസോസിയേഷന്‍സ് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. സംസ്ഥാന സമിതി അംഗം ജിജി തോമസ് ഉദ്ഘാടനം ചെയ്തു. ചെയര്മാന് സുബിന് ജോസ് അധ്യക്ഷതവഹിച്ചു.
കണ്‍വീനര്‍ പി.സുകുമാരന്‍, ജില്ലാ നേതാക്കളായ കെ.ജോസ്കുട്ടി, കെ.റ്റി.അന്‍വര്‍, എന്‍.സദാശിവന്, കരീം കോയക്കല്‍, പ്രവീണ്‍കുമാര്‍, ഷിനോജ് സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു.