പണിമുടക്കില്‍ വലഞ്ഞ് ജനം
1574497
Thursday, July 10, 2025 2:09 AM IST
കാസര്‍ഗോഡ്: സംയുക്ത ട്രേഡ് യൂണിയന് നടത്തുന്ന പണിമുടക്ക് ജില്ലയില്‍ പൂര്‍ണം. കെഎസ്ആര്‍ടിസി ബസുകളടക്കം സര്‍വീസ് നിര്‍ത്തിവെച്ചതോടെ യാത്രക്കാര്‍ വലഞ്ഞു. സ്വകാര്യബസുകളും ഓട്ടോ - ടാക്സി വാഹനങ്ങളും നിരത്തിലിറങ്ങിയില്ല. ഹോട്ടലുകളും വ്യാപാരസ്ഥാപനങ്ങളും അടഞ്ഞുകിടന്നു. സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍നില വളരെ കുറവായിരുന്നു. വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തടസപ്പെട്ടു. നിരത്തിലിറങ്ങിയ ചരക്കുലോറികളും സ്വകാര്യവാഹനങ്ങളും സമരാനുകൂലികള്‍ തടഞ്ഞു.
ഡ്രൈവമാർക്കും
പോലീസുകാര്‍ക്കും മര്‍ദ്ദനം
സീതാംഗോളി ടൗണില്‍ വാഹനങ്ങള്‍ നിരത്തിലിറക്കിയ ഡ്രൈവര്‍മാരെ സമരാനുകൂലികള്‍ കയ്യേറ്റം ചെയ്തു. തടയാനെത്തിയ പോലീസുകാര്‍ക്കും മര്‍ദ്ദനമേറ്റു. പിക്കപ്പ് ഡ്രൈവറെ സിഐടിയു പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യുന്ന വിവരമറിഞ്ഞാണ് കുമ്പള പോലീസ് സ്ഥലത്തെത്തിയത്. ഡ്രൈവറെ രക്ഷിക്കാന്‍ ശ്രമിക്കവെ പോലീസുകാരുടെ യൂണിഫോമില്‍ പിടിച്ച് തള്ളുകയും നെയിം ബോര്‍ഡ് വലിച്ചു കീറി മര്‍ദ്ദിക്കുകയും ചെയ്തു.
എഎസ്ഐ ബാബുരാജ്, സിവില്‍ ഓഫീസര്‍ ഫെബിന്രാജ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞെത്തിയ എസ്ഐ കെ. ശ്രീജേഷ് സ്ഥലത്തെത്തി സമരക്കാരെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചെങ്കിലും ചെറുത്തു. തുടര്‍ന്ന് കൂടുതല്‍ പോലീസെത്തി മൂന്നുപേരെ അറസ്റ്റ് ചെയ്തു.
അരിയപ്പാടിയിലെ കെ.എ. സന്തോഷ്കുമാര്‍ (44), ഷേണിയിലെ പി.എം. ബിനീഷ് (35), മുഗുവിലെ പി. മധുസൂദനന് (37) എന്നിവരാണ് അറസ്റ്റിലായത്. അതേസമയം സിഐടിയു പ്രവര്‍ത്തകരെ അകാരണമായി മര്‍ദ്ദിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി കൈകൊള്ളാന്‍ അധികാരികള്‍ തയ്യാറാ കണാമെന്ന് സിഐടിയു ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.
ജീവനക്കാരെ പൂട്ടിയിട്ടു
നീലേശ്വരം നഗരസഭയില്‍ ജോലിക്ക് എത്തിയ എന്‍ജിഒ അസോസിയേഷന് പ്രവര്‍ത്തകരായ ഏഴു ജീവനക്കാരെ സമരാനുകൂലികള്‍ പൂട്ടിയിട്ടു. ഒപ്പിട്ടതിനാല്‍ വൈകുന്നേരം വരെ ജോലി ചെയ്തു പോയാല്‍ മതി എന്ന് പറഞ്ഞാണത്രെ സമരാനുകൂലികള്‍ ഇവരെ ഓഫീസിനകത്ത് പൂട്ടിയിട്ടത്. പണിമുടക്കിന് സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചിനെ തുടര്‍ന്നാണ് ഇവര്‍ ജോലിക്കെത്തിയത്. ഒരു മണിക്കൂറോളം ഇവർ ഓഫീസില്‍ കുടുങ്ങിക്കിടന്നു.
കോണ്‍ഗ്രസ് നേതാക്കള്‍ വിവരമറിയിച്ചതിനെതുടര്‍ന്ന് ഇന്‍സ്പെക്ടര്‍ ദിബിന് ജോയ്, എസ്ഐ കെ.വി. രതീശന് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തിയാണ് ഇവരെ മോചിപ്പിച്ചത്. ഓഫീസില്‍ ജോലിക്കെത്തിയ ജീവനക്കാരന്റെ വാഹനത്തിന്റെ കാറ്റഴിച്ചുവിട്ടതായും പരാതിയുണ്ട്.
വില്ലേജ് ഓഫീസറെ തടഞ്ഞു
വെള്ളിക്കോത്ത് പ്രവര്‍ത്തിക്കുന്ന അജാനൂര്‍ വില്ലേജ് ഓഫീസര്‍ കെ.ടി. ജയലക്ഷ്മിയെ സമരാനുകൂലികള്‍ തടഞ്ഞു. പതിവുപോലെ രാവിലെ പത്തിന് ജോലിക്ക് ഇവരെ സിപിഎം പ്രവര്‍ത്തകര്‍ എത്തി ഓഫീസ് അടച്ച് പുറത്ത് പോകാന്‍ ആവശ്യപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് എസ്ഐ പ്രേമന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി. പോലീസിന്റെ നിര്‍ദേശപ്രകാരം വില്ലേജ് ഓഫീസര്‍ ഹൊസ്ദുര്‍ഗ് താലൂക്ക് ഓഫീസിലേക്ക് പോയി.
അധ്യാപകർക്ക് നേരെ
അക്രമഭീഷണി
ഉദിനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, വലിയപറമ്പ് പടന്നക്കടപ്പുറം ഗവ. ഫിഷറീസ് ഹയർ സെക്കൻഡറി സ്കൂൾ, ചെറുവത്തൂർ കാടങ്കോട് ഗവ. ഫിഷറീസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ ജോലിക്ക് എത്തിയ അധ്യാപകർക്ക് നേരെ സമരാനുകൂലികളുടെ അക്രമഭീഷണി. ഓഫീസ് മുറി പൂട്ടുമെന്നും പുറത്തു വിടില്ലെന്നുമാണ് ഭീഷണി മുഴക്കിയത്. ഉദിനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ താൽക്കാലിക അധ്യാപകന് നേരെ കൈയേറ്റം നടന്നതായും ആശുപത്രിയിൽ ചികിത്സ തേടിയതായും വിവരമുണ്ട്.
സംഭവത്തിൽ അധ്യാപകർക്കിടയിലും രക്ഷിതാക്കൾക്കിടയിലും പ്രതിഷേധമുയർന്നിട്ടുണ്ട്. പണിമുടക്കുന്നവരെപ്പോലെ തന്നെ ഓഫീസുകളിലും വിദ്യാലയങ്ങളിലും ജോലി ചെയ്യാനുമുള്ള അവകാശ നിഷേധത്തിന് ഭരണപക്ഷ സംഘടനകളുടെ പ്രവർത്തകരും സമരാനുകൂലികളും തന്നെ നേരിട്ടിറങ്ങിയതിനെതിരെയാണ് പ്രതിഷേധമുയർന്നിട്ടുള്ളത്. സംഭവത്തിൽ പ്രതിപക്ഷ അധ്യാപക സംഘടനകൾ പ്രതിഷേധിച്ചു.
പണിമുടക്കില്‍
പെട്ടുപോയവര്‍ക്ക്
തുണയായി പോലീസ്
പണിമുടക്കില്‍ പെട്ടുപോയവര്‍ക്ക് തുണയായി ഹൊസ്ദുര്‍ഗ് ജനമൈത്രി പോലീസ്. പരീക്ഷക്കായി എത്തിയ മൂന്നു വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും പോലീസ് വാഹനത്തില്‍ കോട്ടപ്പാറ സനാതന കോളജില്‍ എത്തിച്ചു.
കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിനോട് സഹായം അഭ്യര്‍ഥിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇന്‍സ്പെക്ടര്‍ പി. അജിത്കുമാറിന്റെ നേതൃത്വത്തില്‍ കുട്ടികളെയും രക്ഷിതാക്കളെയും കോളേജില്‍ എത്തിച്ചത്. ഭര്‍ത്താവ് മരണപ്പെട്ട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ബന്ധുക്കളായ സ്ത്രീകളോടൊപ്പം നില്‍ക്കുകയായിരുന്നു ആളുകളെ നന്മമരം കൂട്ടായ്മയുടെ സഹായത്തോടെ സ്വദേശമായ പടുപ്പിലേക്ക് എത്തിച്ചു.