മണലാരണ്യത്തിൽ നിന്നും മത്സ്യകൃഷിയിലേക്ക്
1574710
Friday, July 11, 2025 1:10 AM IST
പടന്ന: പ്രവാസജീവിതത്തിനൊപ്പം നാട്ടിൽ മത്സ്യകൃഷിയും നടത്തുന്ന പടന്ന വടക്കെപ്പുറത്തെ പി.പി. രവിക്ക് സംസ്ഥാന സർക്കാർ പുരസ്കാരം. പിന്നാമ്പുറ മത്സ്യകൃഷി വിത്തുത്പാദനത്തിന് സംസ്ഥാനതലത്തിൽ രണ്ടാംസ്ഥാനമാണ് രവിക്ക് ലഭിച്ചത്.
ഇന്ന് കൊല്ലം കൊട്ടാരക്കരയിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് ഏറ്റുവാങ്ങും. പടന്ന വടക്കെപ്പുറത്ത് വീടിന്റെ പരിസരത്ത് പരീക്ഷണാർത്ഥം നടത്തിയ കരിമീൻ കൃഷിയിലെ സാധ്യതകൾ മനസിലാക്കിയാണ് ദുബായിലെ ഒരു സ്വകാര്യ കമ്പനി ജീവനക്കാരനായ രവി ഈ സംരംഭം തുടങ്ങിയത്. ഇതിനായി പടന്ന ഓരി തോടിനടുത്ത് ഒരേക്കർ സ്ഥലം വാങ്ങി കുളം ഉണ്ടാക്കി ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ രണ്ടു വർഷം മുമ്പാണ് മത്സ്യകുഞ്ഞുങ്ങളെ വളർത്താനുള്ള കൃഷിക്ക് തുടക്കമിട്ടത്.
പുഴയിൽ നിന്ന് വേലിയേറ്റ സമയത്ത് കയറി വരുന്ന മത്സ്യങ്ങളെ തടഞ്ഞു നിർത്തി വളർത്തിക്കൊണ്ടാണ് മത്സ്യകൃഷിക്ക് തുടക്കമിട്ടത്. ആ കൂട്ടത്തിൽ നിന്ന് വിത്തുത്പാദനം നടന്നപ്പോൾ അതു മികച്ച നിലവാരത്തിലുള്ളതാണെന്ന് ഫിഷറീസ് വകുപ്പ് പരിശോധിച്ച് തീർപ്പാക്കിയതോടെയാണ് വിത്തുത്പാദനം എന്ന ആശയം ഉടലെടുത്തത്.
അധികം വൈകാതെ തന്നെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇവിടേക്ക് ആവശ്യക്കാർ എത്തിതുടങ്ങി. എട്ടു മുതൽ 10 സെന്റിമീറ്റർ വലുപ്പത്തിലുള്ള കുഞ്ഞുങ്ങളാണ് വിൽപനയ്ക്കുള്ളത്. ഒന്നിന് 10 രൂപ തോതിലാണ് വിൽപന നടത്തുന്നത്.
മത്സ്യവിത്തിന് നിലവിൽ ആവശ്യക്കാർ കൂടിവരികയുമാണ്.