തേങ്ങക്ക് വിലയേറിയപ്പോൾ തെങ്ങുകയറ്റ തൊഴിലാളികളെ കിട്ടാനില്ല
1574705
Friday, July 11, 2025 1:10 AM IST
പാലാവയൽ: തേങ്ങയ്ക്ക് നല്ല വില കിട്ടിത്തുടങ്ങിയതോടെ കർഷകർ തെങ്ങിൻതോട്ടങ്ങളെ കാര്യമായി ശ്രദ്ധിച്ചുതുടങ്ങി. കാടുപിടിച്ച തെങ്ങിൻതോട്ടങ്ങളിൽ വീണുകിടക്കുന്ന തേങ്ങകൾ ആഴ്ചയിലോ മാസത്തിലോ ഒരിക്കൽ പെറുക്കിക്കൂട്ടിയിരുന്നതിനു പകരം തേങ്ങയിടാനും തെങ്ങുകൾക്ക് തടമെടുക്കാനും വളമിടാനുമൊക്കെ ആളെ അന്വേഷിക്കുകയാണ് മലയോരത്തെ മിക്ക കർഷകരും.
തൊഴിലാളികളുടെ ക്ഷാമവും ഉയർന്ന കൂലിയും തേങ്ങയുടെ വിലയിടിവും മൂലം തെങ്ങിൽ കയറി തേങ്ങയിടീക്കുന്ന ശീലം പലരും വർഷങ്ങൾക്കുമുമ്പേ ഉപേക്ഷിച്ചതായിരുന്നു. ഇപ്പോൾ തോട്ടങ്ങളിൽ വീണുകിടക്കുന്ന തേങ്ങകൾ മോഷണം പോകുന്ന സാഹചര്യംപോലും ഉണ്ടായതോടെയാണ് പലരും വീണ്ടും തെങ്ങുകയറ്റ തൊഴിലാളികളെ അന്വേഷിച്ചുതുടങ്ങിയത്.
മലയോരമേഖലയിൽ ഏതാനും വർഷങ്ങൾക്കുമുമ്പ് നൂറുകണക്കിന് തെങ്ങുകയറ്റ തൊഴിലാളികൾ ഉണ്ടായിരുന്നിടത്ത് ഇന്ന് വിരലിലെണ്ണാവുന്നവർ മാത്രമാണുള്ളത്. പരമ്പരാഗത രീതിയിലുള്ള തെങ്ങുകയറ്റം അറിയാവുന്നവർ പുതുതലമുറയിൽ തീരെ കുറവാണ്. ഈ തൊഴിലിന്റെ അപകടസാധ്യതയും ഇടക്കാലത്ത് തേങ്ങയുടെ ഉല്പാദനക്കുറവും വിലയിടിവും മൂലം പൊതുവേ ആരും വിളിക്കാതായതുമൊക്കെയാണ് പലരേയും ഈ മേഖലയിൽനിന്ന് പിന്തിരിപ്പിച്ചത്.
തെങ്ങിൽ നിന്ന് വീണും മറ്റ് അപകടങ്ങൾ സംഭവിച്ചും ദുരിതത്തിലായവർ പഴയ തലമുറയിൽ ഏറെയുണ്ട്. തൊഴിൽ ചെയ്യാനാകാതെ കിടപ്പിലായാൽ സർക്കാരിൽനിന്നുപോലും കാര്യമായ ആനുകൂല്യങ്ങളൊന്നും കിട്ടില്ലെന്നാണ് പലരുടെയും അനുഭവമെന്ന് തെങ്ങുകയറ്റ തൊഴിലാളിയായ വിൽസൺ പേണ്ടാനത്ത് പറയുന്നു. മലയോരത്തെ തെങ്ങുകളുടെ ഉയരവും തൊട്ടടുത്തുകൂടി കടന്നുപോകുന്ന വൈദ്യുത ലൈനുകളുമെല്ലാം ചെറുതല്ലാത്ത വെല്ലുവിളികളാണ്. നേരിയൊരു കൈപ്പിഴ പോലും ജീവിതം ഇരുട്ടിലാക്കിയേക്കാം.
ഒരു തെങ്ങിൽ കയറുന്നതിന് 45 രൂപയാണ് മലയോരമേഖലയിൽ ഇപ്പോഴത്തെ കൂലി. നഗരമേഖലകളിൽ അത് 60 രൂപ വരെയാണ്. 1926 ലെ അഗ്രിക്കൾച്ചർ ആക്ട്, 1976 ലെ ഇൻഡസ്ട്രിയൽ ആക്ട് എന്നിവ പ്രകാരം സർക്കാരിൽനിന്ന് തൊഴിലാളികൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളൊന്നും തെങ്ങുകയറ്റ തൊഴിലാളികൾക്ക് ലഭിക്കുന്നില്ല.
പഞ്ചായത്തുകളിലോ കൃഷിവകുപ്പിലോ നിന്നുപോലും കാര്യമായ ആനുകൂല്യങ്ങളൊന്നും കിട്ടുന്നില്ല. കൃഷിഭവനുകൾ മുഖേന തെങ്ങുകയറ്റയന്ത്രങ്ങളും അതുപയോഗിച്ച് തെങ്ങുകയറാനുള്ള പരിശീലനവും നല്കുന്നതുമാണ് സർക്കാർ തലത്തിൽ ലഭിക്കുന്ന ഏക ആനുകൂല്യം. അതിനുതന്നെ ആവശ്യക്കാർ തീരെ കുറവാണെന്നതാണ് അനുഭവം.
നിലവിലുള്ള തെങ്ങുകയറ്റ തൊഴിലാളികൾക്കും പുതുതയി ഈ മേഖലയിലേക്ക് കടന്നുവരുന്നവർക്കും തൊഴിൽ നിയമങ്ങൾ അനുസരിച്ചുള്ള സംരക്ഷണവും ആനുകൂല്യങ്ങളും ഉറപ്പാക്കാൻ സർക്കാർ തയ്യാറാകണമെന്നാണ് ഇവരുടെ ആവശ്യം.