അധ്യാപികയെ പൂട്ടിയിട്ടത് പ്രതിഷേധാർഹം: കെപിഎസ്ടിഎ
1574500
Thursday, July 10, 2025 2:09 AM IST
വെള്ളരിക്കുണ്ട്: പരപ്പ ജിഎച്ച്എസ്എസ് അധ്യാപികയും കെപിഎസ്ടിഎ ചിറ്റാരിക്കാൽ ഉപജില്ല സെക്രട്ടറിയുമായ ടിജി ദേവസ്യ സ്റ്റാഫ് റൂമിൽ പൂട്ടിയിട്ട സിപിഎം നേതാക്കളുടെ നടപടിക്കെതിരെ കെപിഎസ്ടിഎ ചിറ്റാരിക്കാൽ ഉപജില്ല കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
കെപിഎസ്ടിഎ ഉൾപ്പെടുന്ന സെറ്റോ സംഘടന പൊതുപണിമുടക്കിൽ പങ്കെടുക്കുന്നില്ല. ഇതു പ്രകാരം തലേദിവസം തന്നെ മുഖ്യാധ്യാപികയോട് സമരത്തിൽ പങ്കെടുക്കാത്തവരുടെ വിവരങ്ങൾ കെപിഎസ്ടിഎ പരപ്പ യൂണിറ്റ് കമ്മിറ്റി രേഖാമൂലം അറിയിച്ചിരുന്നു.
അതുപ്രകാരം സമരത്തിൽ പങ്കെടുക്കാത്ത കെപിഎസ്ടിഎ അംഗങ്ങളും കുട്ടികളും സ്കൂളിൽ ഹാജരായി. ഈ സമയം പരപ്പ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സർക്കാർ സർവീസിൽ നിന്ന് വിരമിച്ച ജീവനക്കാരൻ ഉൾപ്പെടെ സ്കൂളിലെത്തുകയും അധ്യാപികയോട് വളരെ പരുഷമായ രീതിയിൽ സംസാരിക്കുകയും സ്റ്റാഫ് റൂമിന് പുറത്തുനിന്ന് കുറ്റിയിടുകയും ചെയ്തു. സ്കൂളിൽ ഹാജരായ വിദ്യാർഥികളെ ഈ നേതാക്കൾ വീട്ടിലേയ്ക്ക് പറഞ്ഞു വിട്ടു. ഇത് വളരെ ഗുരുതരമായ കുറ്റമാണെന്ന് കെപിഎസ്ടിഎ ഭാരവാഹികൾ പറഞ്ഞു.
പ്രതിഷേധ യോഗത്തിൽ ഉപജില്ലാ പ്രസിഡന്റ് ജിജോ പി. ജോസഫ് അധ്യക്ഷത വഹിച്ചു. സി.എം. വർഗീസ് അലോഷ്യസ് ജോർജ്, പി. ശ്രീജ, വി.കെ. പ്രഭാവതി, മാർട്ടിൻ ജോർജ്, സോജിൻ ജോർജ്, ബിജു അഗസ്റ്റിൻ, ജയിംസ് ചെറിയാൻ, കെ.റ്റി.റോയ്, ബാലചന്ദ്രൻ, ജയൻ മണ്ഡപം എന്നിവർ സംസാരിച്ചു.