ജൈവവൈവിധ്യ പുരസ്കാരം: കാസര്‍ഗോഡിന് ഇരട്ടനേട്ടം
1574502
Thursday, July 10, 2025 2:09 AM IST
കാസര്‍ഗോഡ്: സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ 2023ലെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ ജില്ലയ്ക്ക് അഭിമാനമായി ഇരട്ട നേട്ടം. സംസ്ഥാനത്തെ ഏറ്റവും മികച്ച ബിഎംസിയായി കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് ബിഎംസി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മികച്ച ഹരിതവിദ്യാലയമായി ബേക്കല്‍ ജിഎഫ്എച്ച്എസ്എസ് തെരഞ്ഞെടുക്കപ്പെട്ടു. രാജ്യത്താദ്യമായി ഔദ്യോഗിക വൃക്ഷവും പുഷ്പവും പക്ഷിയും ജീവിയുമുള്ള ജില്ലയായി 2023 ല്‍ കാസര്‍ഗോഡിനെ പ്രഖ്യാപിച്ചിരുന്നു.
കാഞ്ഞിരമരം ജില്ലാ വൃക്ഷവുമായും പെരിയ പോളത്താളി ജില്ലാ പുഷ്പമായും വെള്ള വയറന്‍ കടല്‍പ്പരുന്ത് ജില്ല പക്ഷിയായും പാലപ്പൂവന്‍ ആമ ജില്ലാ ജീവിയായും പ്രഖ്യാപിക്കപ്പെട്ടു. .ഈ സ്പീഷീസുകളുടെ സംരക്ഷണ പ്രവര്‍ത്തനങ്ങളും നിലവില്‍ നടന്നു വരുന്നു. സ്റ്റുഡന്റ്സ് പോലീസ് കേഡറ്റിന്റെ സഹകരത്തോടെ ജില്ലാപഞ്ചായത്ത് സ്കൂളുകളില്‍ ഫലവൃക്ഷതോട്ടങ്ങള്‍ തയ്യാറാക്കുന്നതിലേക്ക് നടപ്പിലാക്കിയ മധുരവനം പദ്ധതിയും ശ്രദ്ധേയമായി.
ജൈവവൈവിധ്യങ്ങളാല്‍ സമ്പന്നമായ ചെങ്കല്‍ കുന്നുകളുടെ ശോഷണം നാള്‍ക്കുനാള്‍ കൂടി വരുന്ന സാഹചര്യത്തില്‍ ലാറ്ററെറ്റ് റിസര്‍വ് ആയ ചെങ്കല്‍ കുന്നിനെ പൈതൃക കേന്ദ്രങ്ങളായി പ്രഖ്യാപിക്കാനുള്ള പ്രവര്‍ത്തനങ്ങളും ജില്ലാപഞ്ചായത്ത് ബിഎംസിയുടെ നേതൃത്വത്തില്‍ നടന്നുവരികയാണ്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
ബേക്കല്‍ ജിഎഫ്എച്ച്എസ്എസിന്റെ ജൈവവൈവിധ്യ ക്ലബിന്റെ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് അംഗീകാരം ലഭിച്ചത്. പൈതൃക വാഴ സംരക്ഷണ കേന്ദ്രം എന്ന നിലയില്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ അപൂര്‍വ്വ ഇനങ്ങള്‍ ഉള്‍പ്പെടെ നാല്പതോളം വാഴയീനങ്ങളെ സ്കൂള്‍ വളപ്പില്‍ സംരക്ഷിക്കുകയും ചെയ്യുന്നതിനു പുറമേ അപൂര്‍വ വൃക്ഷ ഇനങ്ങളെ സംരക്ഷിക്കുന്നതിനും വ്യാപിപ്പിക്കുന്നതിനും ആയി തുടങ്ങിയ നഴ്സറിയിലൂടെ 2500 വൃക്ഷത്തൈകള്‍ വലിയ കൂടകളില്‍ നിര്‍മ്മിച്ച സ്ഥാപനങ്ങള്‍ക്കും സ്കൂളുകള്‍ക്ക് നല്കി.
ബേക്കല്‍ പുഴയുടെ തീരത്ത് നാലേക്കറോളം വരുന്ന സ്ഥലത്ത് നടത്തിയ കണ്ടല്ത്തുരുത്തുക്കളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും സ്കൂളിന്റെ അവാര്‍ഡിന് മാറ്റുകൂട്ടി.നക്ഷത്ര വനത്തിലെ മരങ്ങള്‍ അടക്കം സ്കൂളില്‍ അപൂര്‍വ്വയിനം മരത്തൈകള്‍ നട്ട് പരിപാലിക്കുന്നുണ്ട്. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.