ആറുമാസത്തിനിടെ തെരുവുനായയുടെ കടിയേറ്റത് മൂവായിരത്തിലേറെ പേർക്ക്
1574499
Thursday, July 10, 2025 2:09 AM IST
കാസർഗോഡ്: കഴിഞ്ഞ ആറുമാസത്തിനിടെ ജില്ലയിൽ തെരുവുനായയുടെ കടിയേറ്റത് മൂവായിരത്തിലേറെ പേർക്ക്. ഈ വർഷം ഇതുവരെ ജില്ലയിൽ മൃഗങ്ങളുടെ കടിയേറ്റ് ചികിത്സ തേടി വിവിധ ആശുപത്രികളിലെത്തിയത് 3931 പേരാണ്. ഇതിൽ 95 ശതമാനവും തെരുവുനായ്ക്കളുടെ കടിയേറ്റവരാണ്. നാമമാത്രമായ എണ്ണം ആളുകൾ വളർത്തുനായ്ക്കളുടെയും പൂച്ചകളുടെയും കടിയേറ്റ് ചികിത്സ തേടിയവരാണ്.
ജനുവരി- 630, ഫെബ്രുവരി- 638, മാർച്ച്- 718, ഏപ്രിൽ- 634, മേയ്- 696, ജൂൺ- 540 എന്നിങ്ങനെയാണ് ചികിത്സ തേടിയെത്തിയവരുടെ എണ്ണം. ജൂലൈയിൽ ഇതുവരെയുള്ള 10 ദിവസത്തിനകം 75 പേർക്ക് നായയുടെ കടിയേറ്റു.
കഴിഞ്ഞ വർഷം ജില്ലയിൽ 6324 പേർക്കും 2023 ൽ 6975 പേർക്കുമാണ് തെരുവുനായ്ക്കളുടെ കടിയേറ്റത്. നിലവിലുള്ള സ്ഥിതി വച്ചുനോക്കിയാൽ ഈ വർഷം ഇതിലും കൂടാനാണ് സാധ്യത.
മുറിവേറ്റ ഭാഗം എത്രയും പെട്ടെന്ന് സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കി 15 മിനിറ്റ് നേരമെങ്കിലും തുടർച്ചയായി പൈപ്പുവെള്ളം പിടിച്ച് നന്നായി കഴുകണമെന്നാണ് ഡോക്ടർമാരുടെ നിർദേശം. ഇതിനു ശേഷമാണ് ആശുപത്രിയിൽ പോകേണ്ടത്.
നഖം കൊണ്ടുള്ള മാന്തലും രക്തം വരാത്ത ചെറിയ പോറലുകളും ഏൽക്കുന്നവർക്ക് താരതമ്യേന ശക്തികുറഞ്ഞ ഐഡിആർവി വാക്സിനാണ് നല്കുന്നത്. ഇത് നാലു തവണയായി നല്കണം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുൾപ്പെടെ ജില്ലയിലെ എല്ലാ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലും സാധാരണഗതിയിൽ ഈ വാക്സിൻ ഉണ്ടായിരിക്കും. ആഴമേറിയ കടികൾക്ക് നല്കുന്ന ആന്റി റാബീസ് ഇമ്യൂണോഗ്ലോബുലിൻ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും കാസർഗോഡ് ജനറൽ ആശുപത്രിയിലും ലഭ്യമാക്കിയിട്ടുണ്ട്.