നഗരമധ്യത്തിൽ കുഴിച്ചുമറിച്ച റോഡ് ഒരുമാസം കഴിഞ്ഞിട്ടും നന്നാക്കിയില്ല
1574707
Friday, July 11, 2025 1:10 AM IST
കാസർഗോഡ്: ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് മാറ്റേണ്ടിവന്ന കുടിവെള്ള പൈപ്പ് ലൈൻ പുനഃസ്ഥാപിക്കുന്നതിനായി കുഴിച്ചുമറിച്ച റോഡ് ഒരു മാസം കഴിഞ്ഞിട്ടും ടാറിംഗ് നടത്താത്തത് വ്യാപാരികൾക്കും നാട്ടുകാർക്കും ദുരിതമാകുന്നു. പുതിയ ബസ് സ്റ്റാൻഡിന് സമീപം എംജി റോഡിൽ സുൽത്താൻ ജ്വല്ലറിക്ക് മുന്നിലുള്ള ഭാഗത്താണ് റോഡ് കുഴിച്ചുമറിച്ചത്.
പ്രവൃത്തികളുമായി ബന്ധപ്പെട്ട് രണ്ടാഴ്ചയോളം ഇവിടെ വ്യാപാരസ്ഥാപനങ്ങൾ അടച്ചിടേണ്ടി വന്നിരുന്നു. പൈപ്പുകൾ പുനഃസ്ഥാപിച്ച് കുഴി മൂടിയതോടെ വ്യാപാരികൾ വീണ്ടും കട തുറന്നു. എന്നാൽ പിന്നീട് പലതവണ ദേശീയപാത നിർമാണ കരാറുകാരായ ഊരാളുങ്കൽ സൊസൈറ്റി അധികൃതരുടെയും നഗരസഭയുടെയും ശ്രദ്ധയിൽ പെടുത്തിയിട്ടും ഈ ഭാഗം ടാറിംഗ് നടത്തി പഴയപടിയാക്കുന്നതിനുള്ള നടപടികൾ ഉണ്ടായിട്ടില്ലെന്ന് വ്യാപാരികൾ പറയുന്നു.
നഗരമധ്യത്തിൽ തന്നെയുള്ള ഭാഗമായിട്ടും പെരുമഴയത്ത് കുഴഞ്ഞുമറിഞ്ഞ് കിടക്കുന്ന അവസ്ഥയിലാണ്. പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി എടുത്ത കുഴികൾ പൂർണമായി മൂടിയതുതന്നെ വ്യാപാരികളുടെ മുൻകൈയിലാണ്.
റോഡ് ഈ അവസ്ഥയിലായതുകാരണം സാധനങ്ങൾ വാങ്ങാൻ ആളുകളെത്തുന്നതും കുറഞ്ഞതായി അവർ പറയുന്നു. അടിയന്തിരമായി റോഡ് പഴയപടി റീ ടാറിംഗ് നടത്തി ഗതാഗതയോഗ്യമാക്കണമെന്നാണ് ഇവരുടെ ആവശ്യം.