സിപിഐ ജില്ലാ സമ്മേളനത്തിന് വെള്ളരിക്കുണ്ടിൽ ഇന്നുതുടക്കം
1574706
Friday, July 11, 2025 1:10 AM IST
വെള്ളരിക്കുണ്ട്: സിപിഐ ജില്ലാസമ്മേളനത്തിന് ഇന്നു വെള്ളരിക്കുണ്ടില്‍ തുടക്കം. ഉച്ചകഴിഞ്ഞ് മൂന്നിന് വെള്ളരിക്കുണ്ട് ടൗണിലെ പൊതുസമ്മേളന നഗരിയിലേക്കുള്ള പതാക കയ്യൂരില്‍ നിന്നും എഐവൈഎഫ് ജില്ലാ സെക്രട്ടറി എം. ശ്രീജിത്, എഐഎസ്എഫ് ജില്ലാ സെക്രട്ടറി പ്രഭിജിത്ത് എന്നിവരുടെ നേതൃത്വത്തിലും പ്രതിനിധി സമ്മേളന നഗരിയിലേക്കുള്ള പതാക മടിക്കൈ കുഞ്ഞിക്കണ്ണന്റെ സ്മൃതി മണ്ഡപത്തില്‍ നിന്നും മഹിളാസംഘം ജില്ലാ സെക്രട്ടറി പി. ഭാര്‍ഗവിയുടെ നേതൃത്വത്തിലും കൊടിമരം ഏളേരിത്തട്ട് പൊടോര കുഞ്ഞിരാമന് നായരുടെ സ്മൃതി മണ്ഡപത്തില്‍ കിസാന്‍സഭ ജില്ലാ സെക്രട്ടറി കെ. കുഞ്ഞിരാമന്റെ നേതൃത്വത്തിലും സമ്മേളന നഗരയില്‍ എത്തിക്കും.
മൂന്നുജാഥകളും ഉച്ചകഴിഞ്ഞ് മൂന്നിനു വെള്ളരിക്കുണ്ടില്‍ സംഗമിച്ച് റെഡ് വോളണ്ടിയര്‍ മാര്‍ച്ചോട് കൂടി പൊതുസമ്മേളന നഗരിയില്‍ എത്തിക്കും. പൊതുസമ്മേളന നഗരയിലേക്കുള്ള പതാക എഐടിയുസി ജില്ലാ ജനറല്‍സെക്രട്ടറി ടി. കൃഷ്ണനും പ്രതിനിധി സമ്മേളന നഗരിയിലേക്കുള്ള പതാക സിപിഐ ജില്ലാ സെക്രട്ടറി സി.പി. ബാബുവും കൊടിമരം സംഘാടക സമിതി കണ്‍വീനര്‍ എം. കുമാരനും ഏറ്റുവാങ്ങും.
തുടര്‍ന്ന് പൊതുസമ്മേളനം സിപിഐ ദേശീയ എക്സിക്യൂട്ടീവംഗം പി.സന്തോഷ് കുമാര്‍ എംപി ഉദ്ഘാടനംചെയ്യും.
12നു വെള്ളരിക്കുണ്ട് വീനസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രതിനിധിസമ്മേളനം രാവിലെ 10നു ദേശീയ എക്സിക്യൂട്ടീവംഗം കെ. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യും.
സിപിഐ സംസ്ഥാന അസി.സെക്രട്ടറി ഇ. ചന്ദ്രശേഖരന് എംഎല്‍എ, മന്ത്രിമാരായ ജി.ആര്. അനില്‍, പി. പ്രസാദ് എന്നിവര്‍ സംബന്ധിക്കും. സമ്മേളനം 13നു സമാപിക്കും.