ഒരുങ്ങുന്നു, സ്വന്തം ഭൂമിക്ക് ചുറ്റും ഡിജിറ്റല്‍ വേലി
1574708
Friday, July 11, 2025 1:10 AM IST
കാസര്‍ഗോഡ്: എല്ലാവര്ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന ലക്ഷ്യത്തോടെ സര്‍വേ വകുപ്പിന് കീഴില്‍ ജില്ലയിലെ ഡിജിറ്റല്‍ സര്‍വേയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ഡിജിറ്റല്‍ സര്‍വേ നടത്തി അളന്നു തിരിച്ച് അതിര്‍ത്തി നിര്‍ണയിക്കപ്പെട്ട ഭൂമിക്കും ചുറ്റും ഒരു അദൃശ്യ ഡിജിറ്റല്‍ വേലി രൂപപ്പെടും. ഇത് ഭൂമി കയ്യേറ്റം, അതിര്‍ത്തി തര്‍ക്കം തുടങ്ങി ഭൂവുടമക്ക് ഉണ്ടാകാവുന്ന എല്ലാ തലവേദനകളും നിയമ കുരുക്കുകളും തടയുകയും നിയമ വ്യവഹാരങ്ങളലക്ക് പോകാതെ തന്നെ സര്‍ക്കാര്‍ ഭൂമിയും സ്വകാര്യ ഭൂമിയും കൃത്യമായി തിരിച്ചറിയാന്‍ സഹായിക്കുകയും ചെയ്യുന്നു.
ചങ്ങല വലിച്ചും ടോട്ടല്‍ സ്റ്റേഷന് പോലുള്ള പഴയ ഉപകരണങ്ങള്‍ ഉപയോഗിച്ചും നടന്നിരുന്ന സര്‍വ്വേ രീതികളില്‍ നിന്ന് മാറി ഉപഗ്രഹാധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ആര്റ്റികെ റോവര്‍, റോബോട്ടിക് ടോട്ടല്‍ സ്റ്റേഷന് എന്നീ അത്യാധുനിക ഉപകരണങ്ങള്‍ ഉപയോഗപ്പെത്തിയാണ് ഡിജിറ്റല്‍ സര്‍വേ നടത്തുന്നത്.
ഭൂപരിഷ്കരണം നടപ്പിലാക്കിയ കേരളം പോലുള്ള സംസ്ഥാനത്ത് അതിര്‍ത്തിനിര്‍ണയം ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടുക എന്ന ലക്ഷ്യത്തോടെയാണ് ഡിജിറ്റല്‍ സര്‍വേയുടെ പ്രാരംഭഘട്ട ചര്‍ച്ചകള്‍ 2021ല്‍ ആരംഭിക്കുന്നത്. 2022 ആദ്യഘട്ടത്തില്‍ കാസര്‍ഗോഡ് ജില്ലയില്‍ 18 വില്ലേജുകളില്‍ ഡിജിറ്റല്‍ സര്‍വേ തുടങ്ങുകയും 2023 പകുതി ആയപ്പോഴേക്കും 18 വില്ലേജുകളില്‍ സര്‍വേ പൂര്‍ത്തീകരിക്കുകയും ചെയ്തു.
2024 ല്‍ ജില്ലയില്‍ വീണ്ടും 19 വില്ലേജുകളില്‍ ഡിജിറ്റല്‍ സര്‍വേ ആരംഭികുകയും ഇതില്‍ 12 വില്ലേജുകളിലും ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തീകരിക്കുകയും ചെയ്തു. നെക്രാജെ, ബേള, ബളാല്‍, മാലോത്ത്, പുല്ലൂര്‍, പെരിയ, പെരുമ്ള,കുബനൂര്‍, മടിക്കൈ വില്ലജുകളില് സര്‍വേ അന്തിമ ഘട്ടത്തിലാണ്. ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരം താലൂക്കില്‍പ്പെട്ട ഉജ്ജാര്‍ ഉള്‍വാര്‍ വില്ലേജില്‍ ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തീകരിച്ച് റവന്യൂ ഭരണത്തിന് കൈമാറി. ഉജ്ജാര്‍ ഉള്‍വാര്‍ വില്ലജിലെ ഭൂമി സംബന്ധിച്ച എല്ലാ സേവനങ്ങളും സ്കെച്ചുള്പ്പെടെ എന്റെ ഭൂമി എന്ന ഒറ്റ പോര്‍ട്ടലില്‍ ലഭ്യമാണ്.
രാജ്യത്ത് ആദ്യമായി 850 കോടി രൂപ ചെലവിട്ട് കേരളത്തിലെ മുഴുവന്‍ വില്ലേജുകളിലും നാലു വര്‍ഷം കൊണ്ട് എട്ടു ഘട്ടങ്ങളിലായി ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തീകരിക്കാനാണ് തീരുമാനം. ഓരോ ആറുമാസത്തിലും 200 വില്ലേജുകളില്‍ ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തിയാക്കും. കാസര്‍ഗോഡ് ജില്ലയില്‍ മാത്രം 2,50,223 പേരുടെ 40560.85 ഏക്കര്‍ ഭൂമിയില്‍ ഡിജിറ്റല്‍ സര്‍വേ നടന്നു.