ജ്യോതിഭവന്‍ ബധിരവിദ്യാലയത്തിന് ഇലക്ട്രിക് ഓട്ടോറിക്ഷ നല്കി മുത്തൂറ്റ് ഫിനാന്‍സ്
1574503
Thursday, July 10, 2025 2:09 AM IST
ചായ്യോത്ത്: മുത്തൂറ്റ് ഫിനാന്‍സിന്റെ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചായ്യോത്ത് ജ്യോതിഭവന്‍ ബധിരവിദ്യാലയത്തിന് ഇലക്ട്രിക് ഓട്ടോറിക്ഷ കൈമാറി. കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള കേള്‍വിശേഷിയില്ലാത്ത 57 കുട്ടികളാണ് ജ്യോതിഭവന്‍ സ്കൂളില്‍ പഠിക്കുന്നത്. ഇതില്‍ 30 പേര് സ്കൂള്‍ ഹോസ്റ്റലില്‍ താമസിച്ചാണ് പഠിക്കുന്നത്. മറ്റ് 27 പേരും ഉള്‍പ്രദേശങ്ങളില്‍ നിന്ന് ദിവസവും യാത്ര ചെയ്താണ് എത്തുന്നത്.
പലപ്പോഴും പൊതുഗതാഗത സംവിധാനങ്ങളാണ് ഇവര്‍ക്ക് ആശ്രയം. സ്കൂള്‍ സ്വന്തം നിലയിലാണ് കുട്ടികളുടെ യാത്രാസൗകര്യം ഒരുക്കുന്നത്. ഇതു സ്കൂളിന് പ്രതിമാസം വലിയ സാമ്പത്തികബാധ്യതയുണ്ടാക്കി. ഇതോടെയാണ് വിദ്യാര്‍ഥികള്‍ക്ക് സ്ഥിരവും സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമായ യാത്ര ഉറപ്പാക്കുന്നതിനായി ഒരു ഇലക്ട്രിക്് ഓട്ടോറിക്ഷ വാങ്ങുന്നതിനായി മുത്തൂറ്റ് ഫിനാന്‍സ് സാമ്പത്തിക പിന്തുണ നല്‍കിയത്. ഈ വാഹനം ദിവസവും ഏകദേശം 70 കിലോമീറ്റര്‍ ദൂരം മൂന്നു റൂട്ടുകളിലായി സഞ്ചരിക്കും.
മുത്തൂറ്റ് ഫിനാന്‍സ് കോഴിക്കോട് റീജിയണല്‍ മാനേജര്‍ ദീപേന്ദ്രു ഹരീഷ് വാഹനം കൈമാറി. സിഎസ്ആര്‍ മാനേജര്‍ ജാന്സന് വര്‍ഗീസ്, മുഖ്യാധ്യാപിക സിസ്റ്റര്‍ ഫിന്‍സി, കാഞ്ഞങ്ങാട് ബ്രാഞ്ച് മാനേജര്‍ കെ. രാജേഷ്, കോഴിക്കോട് റീജിയണല്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ കെ. രാജേഷ് കുമാര്‍, കണ്ണൂര്‍ ഫോര്‍ട്ട് റോഡ് ബ്രാഞ്ച് മാനേജര്‍ സുധീഷ്, പിടിഎ പ്രസിഡന്റ് കെ.ജെ. രാജേഷ് എന്നിവര്‍ പങ്കെടുത്തു.