നല്ല ഭക്ഷണം നല്ല ആരോഗ്യം പദ്ധതി: പരപ്പ ബ്ലോക്ക് തല ഉദ്ഘാടനം നടത്തി
1574709
Friday, July 11, 2025 1:10 AM IST
കരിന്തളം: പോഷകസമൃദ്ധവും സുരക്ഷിതവുമായ ഭക്ഷണത്തിന്റെ പ്രാധാന്യം പൊതുജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനായി പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന നല്ല ഭക്ഷണം നല്ല ആരോഗ്യം പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി നിര്‍വഹിച്ചു.
കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ അഗ്രോ സര്‍വീസ് സെന്ററില്‍ നടന്ന പരിപാടിക്ക് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഭൂപേഷ് അധ്യക്ഷതവഹിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഇന്‍ചാര്‍ജ് നിഖില്‍ നാരായണന് പദ്ധതി സംബന്ധിച്ച വിശദീകരിച്ചു.
പച്ചക്കറി ഉദ്പാദനത്തില്‍ ജനപങ്കാളിത്തം വര്‍ധിപ്പിക്കുക, ഐ.സിഎം.ആര് നിര്‍ദേശിക്കുന്ന അളവില്‍ പച്ചക്കറികള്‍ ജനങ്ങളുടെ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തുക, സുരക്ഷിത ഭക്ഷണ ഉദ്പാദന രീതികളെ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ മുഖ്യലക്ഷ്യങ്ങള്‍. പദ്ധതിയുടെ ഭാഗമായി ജനങ്ങള്‍ക്ക് പരിശീലവം ബോധവത്കരണ ക്ലാസുകളും നടത്തും.
ഇതിനായി ആരോഗ്യവകുപ്പും കൃഷിവകുപ്പും ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകള്‍ തമ്മില്‍ സംയോജിതമായി പ്രവര്‍ത്തിക്കും. യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷ രജനി കൃഷ്ണന്, ജോയിന്റ് ബിഡിഒ ബിജുകുമാര്‍, അഗ്രോ സര്‍വീസ് സെന്റര്‍ ഫെസിലിറ്റേറ്റര്‍ മോഹനൻ, വാര്‍ഡ് മെംബര്‍മാരായ കൈരളി, ധന്യ എന്നിവര്‍ സംസാരിച്ചു. കിനാനൂര്‍-കരിന്തളം കൃഷി ഓഫീസര്‍ ജെ. ജിജി സ്വാഗതവും അസി. അഗ്രികള്‍ച്ചര്‍ ഓഫീസര്‍ സദാനന്ദന് നന്ദിയും പറഞ്ഞു.