കോയിത്തട്ട കുന്നിനെ ജൈവവൈവിധ്യ പൈതൃകകേന്ദ്രമായി പ്രഖ്യാപിക്കാൻ പദ്ധതി
1574703
Friday, July 11, 2025 1:10 AM IST
കരിന്തളം: കിനാനൂർ-കരിന്തളം പഞ്ചായത്തിലെ കോയിത്തട്ട കുന്നിനെ ജൈവവൈവിധ്യ പൈതൃകകേന്ദ്രമായി പ്രഖ്യാപിക്കാൻ ജില്ലാ പഞ്ചായത്തിന്റെ പദ്ധതി. ഇതിന്റെ ഭാഗമായി സംസ്ഥാന ജൈവവൈവിധ്യ ബോർഡ് മെമ്പർ സെക്രട്ടറി ഡോ.വി. ബാലകൃഷ്ണനും ജില്ലാ പഞ്ചായത്ത് അംഗങ്ങളും ജൈവവൈവിധ്യ പരിപാലനസമിതി അംഗങ്ങളും നാളെ സ്ഥലം സന്ദർശിക്കും. തുടർന്ന് നാട്ടുകാരുടെ യോഗം വിളിച്ച് പദ്ധതിയുടെ രൂപരേഖ തയ്യാറാക്കും.
ജൈവവൈവിധ്യങ്ങളാൽ സമ്പന്നമായ ജില്ലയിലെ ഇടനാടൻ ചെങ്കൽകുന്നുകൾക്ക് സംരക്ഷണമൊരുക്കുന്നതിന്റെ ആദ്യപടിയായാണ് പദ്ധതി ആവിഷ്കരിച്ചത്. മൈസൂരിലെയും മലബാറിലെയും ഭൂപ്രകൃതിയും ജൈവവൈവിധ്യവുമായി ബന്ധപ്പെട്ട് 1807 ൽ ഫ്രാൻസിസ് ബുക്കാനൻ എഴുതിയ പുസ്തകത്തിൽ കോയിത്തട്ടയിലെ ചെങ്കൽക്കുന്നുകളെ കുറിച്ച് പരാമർശിക്കുന്നുണ്ട്.
ചെങ്കൽപ്പാറകൾക്ക് മുകളിൽ വെള്ളം കെട്ടിനിൽക്കുന്ന ഇടങ്ങളിൽ വളരുന്ന ആമ്പലിനോട് സാദൃശ്യമുള്ള കൃഷ്ണകേസര എന്ന അപൂർവ ജലസസ്യം കോയിത്തട്ട കുന്നിലെ ജൈവവൈവിധ്യങ്ങളിലൊന്നാണ്. മറ്റനവധി അപൂർവ സസ്യജാലങ്ങളും ചെറുജീവികളും ഈ കുന്നിലെ ആവാസവ്യവസ്ഥയിൽ കണ്ടെത്തിയിട്ടുണ്ട്.
അമിതമായ മണ്ണെടുപ്പ് മൂലം ജില്ലയിലെ ഇടനാടൻ ചെങ്കൽകുന്നുകളിൽ പലതും നാശത്തിന്റെ വക്കിലായ സാഹചര്യത്തിലാണ് ഇവയുടെ സംരക്ഷണത്തിനായി ജില്ലാ പഞ്ചായത്ത് മുന്നിട്ടിറങ്ങുന്നത്.