കന്നുകാലിത്തൊഴുത്തായി കാസര്‍ഗോഡ് ബസ്സ്റ്റാന്‍ഡ്
1576384
Thursday, July 17, 2025 12:42 AM IST
കാസര്‍ഗോഡ്: ജില്ലാ ആസ്ഥാനത്തെ ബസ്സ്റ്റാന്‍ഡിലെത്തുന്ന യാത്രക്കാരെ സ്വീകരിക്കുന്നത് പശുക്കള്‍. യാത്രക്കാരെയും ബസുകളെയും വകവയ്ക്കാതെ അവര്‍ വിലസുകയാണ്. ബസ് നിര്ത്തുന്നയിടങ്ങളിലാണ് ഇവ കൂട്ടമായി നടക്കുന്നത്. ഉടമസ്ഥര്‍ ഉപേക്ഷിച്ചവയാണ് അധികവും.
15 ലധികം പശുക്കളാണ് ദിവസവും ഇത്തരത്തില്‍ സ്റ്റാന്‍ഡിലെത്തുന്നത്. ഹോണടിച്ചാലും പശുക്കള്‍ എഴുന്നേറ്റുമാറില്ലെന്നാണ് ബസ് ജീവനക്കാര്‍ പറയുന്നു. പശു കിടക്കുന്ന ഭാഗത്തേക്ക് പോകാതെ ബസ് നിര്‍ത്തിയാണ് യാത്രക്കാരെ കയറ്റുന്നത്. മംഗളൂരു ഭാഗത്തുനിന്ന് സ്റ്റാന്‍ഡിലേക്ക് ബസ് കയറുമ്പോള്‍ പശുക്കള്‍ അലഞ്ഞുനടക്കുന്നത് ഭീതിപ്പെടുത്തുന്നുണ്ട്.
ഇവയെ ഓടിക്കാന്‍ ശ്രമിച്ചാല്‍ ബസ് ജീവനക്കാരെയും യാത്രക്കാര്‍ കുത്താന്‍ വരും. ചിലവ ആക്രണകാരികളാണെന്നു വ്യാപാരികള്‍ പറയുന്നു. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഭയന്നാണ് ഇവിടെനില്‍ക്കുന്നത്.
കടവരാന്തകളിലും മറ്റും ചാണകമിട്ടും മൂത്രമൊഴിച്ചും വൃത്തികേടാക്കുന്നത് പതിവാണ്. മഴക്കാലമായതോടെ യാത്രക്കാര്‍ നില്ക്കുന്ന സ്ഥലം കൂടുതല്‍ മലിനമായിരിക്കുകയാണ്. പൊതുസ്ഥലങ്ങളില്‍ കന്നുകാലികള്‍ അലയുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ ഉടമസ്ഥരില്‍ നിന്നും പിഴ ഈടാക്കുമെന്ന് കാസര്‍ഗോഡ് നഗരസഭ പലതവണ മുന്നറിയിപ്പ് നല്‍കിയിരുന്നു.
കന്നുകാലികളെ അതാത് ഉടമസ്ഥര്‍ കെട്ടി പരിപാലിക്കാത്ത പക്ഷം ഉടമസ്ഥര്‍ക്കെതിരെ പിഴ ഈടാക്കുകയും പിടിച്ചെടുത്ത കന്നുകാലികളെ ലേലം ചെയ്തു വില്‍ക്കുകയും അതിനു വരുന്ന ചെലവുകള്‍ ഉടമസ്ഥരില്‍ നിന്ന് ഈടാക്കുകയും ചെയ്യുമെന്നും അറിയിച്ചിരുന്നു. എന്നാല്‍, നഗരസഭയുടെ ഭാഗത്തുനിന്നും പ്രായോഗികതലത്തില്‍ യാതൊരു നടപടിയും നാളിതുവരെയായിട്ടും ഉണ്ടായിട്ടില്ല.