സ്കൂളിലെ പഴയ ശുചിമുറി കുടുംബശ്രീ സ്റ്റാളാക്കി; പരാതിയെത്തുടർന്ന് ആരോഗ്യവകുപ്പിന്റെ നടപടി
1575024
Saturday, July 12, 2025 2:31 AM IST
കാസർഗോഡ്: ദേലംപാടി പഞ്ചായത്തിലെ അഡൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കുടുംബശ്രീയുടെ മാ കെയർ സെന്റർ തുടങ്ങിയത് പഴയ ശുചിമുറിയിൽ. വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണവിതരണം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാർ പരാതി നല്‍കിയതോടെ ആരോഗ്യവകുപ്പ് ഇടപെട്ട് സെന്റർ അടച്ചുപൂട്ടി. മാ കെയർ സെന്റർ എന്ന പേരിൽ ജില്ലയിലെ എല്ലാ സ്കൂളുകളിലും കുടുംബശ്രീയുടെ വിവിധോദ്ദേശ വിപണന സ്റ്റാളുകൾ തുറക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്.
കുട്ടികൾക്കാവശ്യമായ ലഘുഭക്ഷണങ്ങള്‍, സ്റ്റേഷനറി സാധനങ്ങള്‍, പെണ്‍കുട്ടികള്‍ക്കുള്ള സാനിറ്ററി നാപ്കിന് തുടങ്ങിയവയെല്ലാം ഇവിടെ ലഭ്യമാക്കാനാണ് പദ്ധതി. ഇതുവഴി കുട്ടികള്‍ സ്കൂളിന് പുറത്തുപോയി സാധനങ്ങൾ വാങ്ങുന്നതിനെ തടയുകയാണ് ലക്ഷ്യം. സ്കൂളിന് പുറത്തുപോകുമ്പോഴാണ് കുട്ടികൾ ലഹരിമാഫിയയുടെയും മറ്റും വലയിൽ അകപ്പെടുന്നതെന്ന വാദമുന്നയിച്ചാണ് കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ പദ്ധതി ആവിഷ്കരിച്ചത്.
ഓരോ സ്കൂളിലും ഒഴിഞ്ഞുകിടക്കുന്ന ക്ലാസ് മുറികളിൽ കുടുംബശ്രീ സ്റ്റാളുകൾ തുടങ്ങാനായിരുന്നു സർക്കാരിന്റെ നിർദേശം. ക്ലാസ് മുറികളൊന്നും ഒഴിവില്ലാത്ത സാഹചര്യത്തിലാണ് അഡൂർ സ്കൂളിൽ പഴയ ശുചിമുറിയെ മാ കെയർ സെന്ററാക്കിയത്. വർഷങ്ങളായി ഉപയോഗിക്കാതെ കിടന്ന ശുചിമുറിയെ നിർമാണസാമഗ്രികളും മറ്റും സൂക്ഷിക്കുന്നതിനുള്ള സ്റ്റോർ റൂമായി ഉപയോഗിച്ചുവരികയായിരുന്നുവെന്നും ഈ സാധനസാമഗ്രികൾ മാറ്റിയാണ് കുടുംബശ്രീക്ക് സ്റ്റാൾ തുടങ്ങാൻ വിട്ടുനല്‍കിയതെന്നുമാണ് സ്കൂൾ അധികൃതരുടെ വിശദീകരണം.
സ്റ്റാൾ തുടങ്ങുന്നതിനുമുമ്പ് കെട്ടിടം നവീകരിക്കാൻ കുടുംബശ്രീ അധികൃതരോട് നിർദേശിച്ചിരുന്നതായും പറയുന്നു. എന്നാൽ ശുചിമുറി നവീകരിച്ച് അവിടെ ഭക്ഷണസാധനങ്ങളുടെ ഉത്പാദനവും വിതരണവും നടത്താൻ അനുമതി നല്‍കിയതിനെ ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
ദേലംപാടി പഞ്ചായത്തിലെ കുടുംബശ്രീ സിഡിഎസിനു കീഴിലാണ് സ്റ്റാൾ തുറന്നതെന്നതിനാൽ ആരോഗ്യവകുപ്പിന് നേരിട്ടാണ് നാട്ടുകാർ പരാതി നല്‍കിയത്. ആരോഗ്യവകുപ്പ് കർശനമായി ഇടപെട്ടതോടെ ചൊവ്വാഴ്ച മുതൽ കേന്ദ്രം അടച്ചുപൂട്ടി.
സ്കൂളുകൾക്ക് സമീപത്തെ ചെറുകി വ്യാപാരികളെ ലഹരിവസ്തുക്കളുടെ വിതരണക്കാരായി മുദ്രകുത്തി അടച്ചുപൂട്ടിക്കാനും സ്കൂളുകളിൽ കുടുംബശ്രീയുടെ കുത്തകവത്കരണം നടപ്പാക്കാനുമുള്ള നീക്കമാണെന്നാരോപിച്ച് വ്യാപാരി സംഘടനകൾ കുടുംബശ്രീ സ്റ്റാളുകളുടെ വരവിനെ എതിർത്തിരുന്നു.
സ്കൂൾ കെട്ടിടങ്ങളിൽ വാണിജ്യ ആവശ്യത്തിനുള്ള കടകൾ തുറക്കുന്നതും തദ്ദേശസ്ഥാപനങ്ങളുടെയും ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെയും മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്നതും നിയമവിരുദ്ധമാണെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടിയിരുന്നു. ഇതു ശരിവയ്ക്കുന്ന തരത്തിലാണ് അഡൂരിൽ ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടായത്.