പാര്‍ട്ടി അനുകൂലികളെ കോര്ത്തിണക്കാനാകാത്തത് പോരായ്മ: പി. സന്തോഷ് കുമാര്‍
1575023
Saturday, July 12, 2025 2:31 AM IST
വെള്ളരിക്കുണ്ട്: സ്വാതന്ത്ര്യസമരത്തിന്റെ പൈതൃകം ഉള്‍ക്കൊള്ളുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി ശക്തിപ്പെട്ടേ മതിയാവുവെന്ന് ആഗ്രഹിക്കുന്ന ധാരാളം ആളുകള്‍ പാര്‍ട്ടിക്ക് പുറത്തുണ്ടെന്നും എന്നാല്‍ ഇവരെ കോര്‍ത്തിണക്കാന്‍ നമുക്കാവുന്നില്ല എന്ന കുറവ് നിലനില്‍ക്കുന്നുണ്ടെന്നും സിപിഐ ദേശീയ നിര്‍വാഹകസമിതിയംഗം പി. സന്തോഷ് കുമാര്‍ എംപി. സിപിഐ ജില്ലാസമ്മേളനത്തിന്റെ പൊതുസമ്മേളനം വെള്ളരിക്കുണ്ടില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കയ്യൂരും കാവുമ്പായി രക്തസാക്ഷിത്വത്തിന് ഒന്നര പതിറ്റാണ്ട് പൂര്‍ത്തിയാകും മുമ്പേ ദൗര്‍ഭാഗ്യവശാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളരുന്ന സാഹചര്യമുണ്ടായി. അതിന്റെ കാരണങ്ങള്‍ക്ക് ഇന്നു യാതൊരു പ്രസക്തിയില്ല. അന്നത്തെ മുദ്രാവാക്യങ്ങളൊക്കെ അപ്രസക്തമാവുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. രാജ്യത്തെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കരുത്തിനെ അതു നല്ലതുപോലെ ചോര്‍ത്തിക്കളഞ്ഞു എന്നത് എല്ലാവരും ഉള്‍ക്കൊള്ളേണ്ട സത്യസന്ധമായ ഒരു പാഠമാണ്.
പല പ്രതിസന്ധികളെയും അവഗണിച്ച് കാസര്‍ഗോഡും കണ്ണൂരും വയനാടും നിര്‍ണായകമായ സ്വാധീനം ചെലുത്താവുന്ന പാര്‍ട്ടിയായി സിപിഐ മാറിയിട്ടുണ്ട്. രാജ്യത്തെ തെരഞ്ഞെടുപ്പ് വളരെ സങ്കീര്‍ണമായ രാഷ്ട്രീയ പ്രക്രിയായി മാറി. പണവും മതവും ജാതിയുമെല്ലാം അതിനകത്ത് നല്ലതുപോലെ സ്വാധീനം ചെലുത്തുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ അതിന്റെ റിസല്‍ട്ടും പങ്കാളിത്തവും വച്ചുകൊണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടി രാജ്യത്തൊരു ചെറിയ ശക്തിയാണെന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല.
പാര്‍ട്ടി ഇനിയും കരുത്താര്‍ജിക്കേണ്ട രാഷ്ട്രീയ സാഹചര്യമാണ് നിലവിലുള്ളതെന്നും അതിനുള്ള പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലാ സെക്രട്ടറി സി.പി. ബാബു അധ്യക്ഷത വഹിച്ചു. സംസ്ഥാന അസി. സെക്രട്ടറി ഇ. ചന്ദ്രശേഖരന് എംഎല്‍എ, മന്ത്രിമാരായ ജി.ആര്. അനില്‍, പി. പ്രസാദ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ സി.പി. മുരളി, കെ.കെ. അഷറഫ്, സംസ്ഥാ കൗണ്‍സിലംഗങ്ങളായ ഗോവിന്ദന് പള്ളിക്കാപ്പില്‍, ടി. കൃഷ്ണന്, ജില്ലാ അസി. സെക്രട്ടറിമാരായ വി. രാജന്, എം. അസിനാര്‍, കെ.എസ്. കുര്യാക്കോസ്, ബങ്കളം കുഞ്ഞികൃഷ്ണന്, കെ.വി. കൃഷ്ണന്, പി. ഭാര്‍ഗവി, വി. സുരേഷ് ബാബു, മുതിര്‍ന്ന നേതാവ് പി.എ.നായര്‍ എന്നിവര്‍ സംബന്ധിച്ചു.
സംഘാടകസമിതി കണ്‍വീനര്‍ എം. കുമാരന് സ്വാഗതം പറഞ്ഞു.