15 വര്‍ഷമായി കളപ്പുരയില്‍ ഒറ്റയ്ക്ക് കാര്‍ത്യായനി: ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്
1575020
Saturday, July 12, 2025 2:31 AM IST
കാസര്‍ഗോഡ്: ചുറ്റുമതില്‍ ഇല്ലാതെ കാടുമൂടിയ ഒന്നര ഏക്കര്‍ പറമ്പില്‍ പഴകി ജീര്‍ണിച്ച് തകര്‍ന്ന വീടിനോട് ചേര്‍ന്ന കളപ്പുരയില്‍ 15 വര്‍ഷമായി ഒറ്റയ്ക്ക് താമസിക്കുന്ന കേള്‍വിക്കുറവുള്ള കെ.വി. കാര്‍ത്യായനിയുടെ (69) പരാതികള്‍ പരിശോധിച്ച് പരിഹാരനടപടികള്‍ ഉള്‍പ്പെടുത്തി ഏഴു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന് ജുഡീഷല്‍ അംഗം കെ. ബൈജുനാഥ് ജില്ലാ കളക്ടര്‍ക്കും ജില്ലാ വിമന്‍ ആന്‍ഡ് ചൈല്‍ഡ് ഡെവലപ്മെന്റ് ഓഫീസര്‍ക്കും നിര്‍ദേശം നല്കി.
കളപ്പുരയിലേക്കുള്ള വൈദ്യുതി കണക്ഷന് കെഎസ്ഇബി വിച്ഛേദിച്ചു. തൊഴിലുറപ്പിന് പോയാണ് ഭക്ഷണത്തിനുള്ള വക കണ്ടെത്തുന്നത്. പറമ്പ് കാടുമൂടിയതു കാരണം കുറുനരിയും പാമ്പുകളും ധാരാളമുണ്ട്.
കുടുംബത്തിന്റെ നല്ല കാലത്ത് തേങ്ങയും മറ്റും സൂക്ഷിക്കാന്‍ പണിത കളപ്പുരയിലാണ് വയോധിക താമസിക്കുന്നത്. ഭര്‍ത്താവ് രാമചന്ദ്രന് 15 വര്‍ഷം മുമ്പ് മരിച്ചു. മക്കളില്ലാത്ത വയോധിക അതോടെ അനാഥയായി. വീടും പറമ്പും ഭര്‍തൃപിതാവിന്റെ പേരിലാണ്.
ഭാഗം വച്ച് അവകാശം ലഭിക്കാത്തതിനാല്‍ വീടിന് വേണ്ടി അപേക്ഷ സമര്‍പ്പിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് കാര്‍ത്യായനി. കളപ്പുരക്ക് പ്രത്യേകം കണക്ഷന് നല്‍കണമെന്ന് നാട്ടുകാര്‍ കെഎസ്ഇബിയോട് ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചില്ല. 17നു കാസര്‍ഗോഡ് പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.