കാർഷിക സംസ്കൃതി പഠനകേന്ദ്രം മുഖ്യമന്ത്രി നാടിന് സമർപ്പിക്കും
1575025
Saturday, July 12, 2025 2:31 AM IST
പിലിക്കോട്: കേരള കാർഷിക സർവകലാശാലക്ക് കീഴിലെ പിലിക്കോട് ഉത്തരമേഖല കാർഷിക ഗവേഷണ കേന്ദ്രത്തിൽ കവി സുബ്രഹ്മണ്യൻ തിരുമുമ്പിന്റെ നാമധേയത്തിൽ ഒരുക്കിയ കാർഷിക സംസ്കൃതി പഠനകേന്ദ്രം ഓഗസ്റ്റ് 10നു മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും.കാസർഗോഡ് വികസന പാക്കേജിൽ രണ്ടു കോടി രൂപയോളം ചെലവിട്ടാണ് ഈ അഗ്രിടൂറിസം സെന്റർ നിർമാണം പൂർത്തീകരിച്ചത്.
ഓഡിറ്റോറിയം, വിവിധ ആധുനിക കാർഷിക യന്ത്രങ്ങളുടെ പ്രദർശനശാല, നെൽകൃഷി ഗവേഷണ പാഠങ്ങൾ, എക്സിബിഷൻ ഹാൾ എന്നീ നിർമിതികളും ഹരിതവനം, മിയാവാക്കി, നക്ഷത്രവൃക്ഷങ്ങൾ ഉള്ള ചിൽഡ്രൻസ് പാർക്ക്, സംസ്കൃതി പാർക്ക്, തുടങ്ങി വൈവിധ്യമാർന്ന വിശ്രമ കേന്ദ്രങ്ങളും തിരുമുമ്പ് ഭവനത്തിൽ താമസത്തിന് അത്യാവശ്യ സൗകര്യവും കാസർഗോഡ് കുള്ളൻ പശുക്കൾ, മലബാറി ആട്, മത്സ്യം, താറാവ് സംയോജിത കൃഷിപാഠശാല കൂടിയാണ് അഗ്രി ടൂറിസം സെന്ററിൽ ഒരുക്കിയിട്ടുള്ളത്.
സംഘാടകസമിതി രൂപീകരണയോഗം ഡെപ്യൂട്ടി കളക്ടർ ലിപു എസ്. ലോറൻസ് ഉദ്ഘാടനം ചെയ്തു.
വാർഡ് മെംബർ പി. അജിത അധ്യക്ഷതവഹിച്ചു. ഉത്തരമേഖലാ കാർഷിക ഗവേഷണ കേന്ദ്രം അസോസിയേറ്റ് ഡയറക്ടർ ഡോ.ടി. വനജ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സാബു ജോസഫ്, സ്റ്റാഫ് സെക്രട്ടറി സി.വി. രാജേഷ് എന്നിവർ സംസാരിച്ചു.