സ്കൂളുകളിൽ കുടുംബശ്രീയുടെ കച്ചവട സ്ഥാപനങ്ങൾ അനുവദിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി
1575021
Saturday, July 12, 2025 2:31 AM IST
കാസർഗോഡ്: സർക്കാർ സ്കൂളുകൾക്കകത്ത് യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെ കുടുംബശ്രീയുടെ കച്ചവടസ്ഥാപനങ്ങൾ തുടങ്ങാനുള്ള പദ്ധതി ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റും സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ. അഹമ്മദ് ഷെരീഫ് പറഞ്ഞു.
സംസ്ഥാനത്ത് ചെറുകിട കച്ചവടം നടത്തി ഉപജീവനം തേടുന്ന ലക്ഷക്കണക്കിനാളുകളെ വഴിയാധാരമാക്കാനുള്ള നീക്കമാണ് ഇത്. ഒരു വ്യാപാര സ്ഥാപനം തുടങ്ങണമെങ്കിൽ നിരവധി ലൈസൻസുകൾ ആവശ്യമാണ്. ഫുഡ് & സേഫ്റ്റി ലൈസൻസെടുത്തും വെള്ളം പരിശോധിച്ചുമൊക്കെ നിരവധി കടമ്പകൾ കടന്നാണ് ഓരോ വ്യാപാരിയും സ്ഥാപനങ്ങൾ തുറക്കുന്നത്.
ഇതൊന്നുമില്ലാതെ കുടുംബശ്രീ യുണിറ്റുകൾക്ക് സ്കൂളിന്റെ കെട്ടിടത്തിൽ തന്നെ വിദ്യാർഥികളെ ലക്ഷ്യമാക്കി സ്ഥാപനങ്ങൾ തുടങ്ങാമെന്നുവരുന്നത് കടുത്ത നിയമലംഘനമാണ്. ചെറുകിട വ്യാപാരികളെ മയക്കുമരുന്ന് വില്പനക്കാരാക്കി ചിത്രീകരിക്കാനുള്ള നീക്കവും അത്യധികം ഹീനമാണ്. പദ്ധതിക്കെതിരെ വ്യാപാരികൾ ശക്തമായ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.