ഇടയിലെക്കാട്ടിലും മുന്തിരിസമൃദ്ധി
1575427
Sunday, July 13, 2025 8:33 AM IST
വലിയപറമ്പ്: തീരദേശ മേഖലയിൽ അധികം കായ്ക്കാറില്ലാത്ത കറുത്ത മുന്തിരി സമൃദ്ധി ഇടയിലെക്കാട്ടിൽ. കുഴൽകിണർ ഫിൽട്ടർ പോയിന്റ് തൊഴിലെടുക്കുന്ന കെ.ജെ. വിൻസെന്റിന്റെ വീട്ടുമുറ്റത്താണ് മധുരമൂറും മുന്തിരിക്കുലകൾ തൂങ്ങി നിൽക്കുന്നത്.
വിൻസെന്റിന്റെ വീട്ടുവളപ്പിൽ അഞ്ച് വർഷം മുമ്പാണ് മുന്തിരി ചെടി നടുന്നത്. രണ്ടു വർഷമായി നന്നായി കായ്ക്കുന്നുണ്ട്. കാലിക്കടവിലെ സ്വകാര്യ ചെടി തോട്ടത്തിൽ നിന്നാണ് കറുത്ത മുന്തിരിയുടെ ചെടി കൊണ്ടുവന്നത്.
പ്രത്യേക വളമൊന്നും നൽകുന്നില്ലെന്നും സാധാരണ ചെടികൾക്ക് നൽകി വരുന്ന കടലപിണ്ണാക്ക്, ചായപിണ്ടി എന്നിവ മാത്രമാണ് ഇട്ടു കൊടുക്കാറെന്നും വിൻസെന്റ് പറഞ്ഞു. കഴിഞ്ഞ വർഷം മൂന്ന് കിലോയില്‍ അധികം മുന്തിരി ലഭിച്ചിരുന്നു. മഴ നേരത്തെ പെയ്ത് തുടങ്ങിയത് മൂലമാണോ എന്നറിയില്ല മുന്തിരി പഴുത്ത് കറുപ്പ് നിറം വന്നിട്ടില്ല. 20 ൽ അധികം കുലകൾ വീട്ടുമുറ്റത്തെ മുന്തിരി പന്തലിൽ കായ്ച്ചിട്ടുണ്ട്.