വിദ്യാർഥികളെക്കൊണ്ട് കാൽ കഴുകിച്ചത് പ്രതിഷേധാർഹമെന്ന് യൂത്ത് കോൺഗ്രസ്
1575426
Sunday, July 13, 2025 8:33 AM IST
കാസർഗോഡ്: ബന്തടുക്കയിൽ ഭാരതീയ വിദ്യാനികേതന്‍ കീഴിൽ പ്രവർത്തിക്കുന്ന സ്കൂളിൽ വിദ്യാർഥികളെക്കൊണ്ട് അധ്യാപകരുടെ കാൽ കഴുകിച്ചത് പ്രതിഷേധാർഹമാണെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.ആർ. കാർത്തികേയൻ പറഞ്ഞു.
ഇത്തരം പ്രവൃത്തികൾ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളെ തന്നെ ഇല്ലാതാക്കുന്നതാണ്. വിദ്യാഭ്യാസമെന്നത് കുട്ടികളിൽ ശാസ്ത്രബോധവും പുരോഗമന ചിന്തയും വളർത്താനുള്ളതാണ്. വിദ്യാർത്ഥികളിൽ അടിമത്ത മനോഭാവം വളർത്തുന്ന ആചാരങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാനാവില്ല.
ഇത്തരം അനാചാരങ്ങൾക്കെതിരായി പോരാടി നേടിയെടുത്ത അവകാശമാണ് വിദ്യാഭ്യാസം.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ആവർത്തിക്കാതിരിക്കാൻ ബന്ധപ്പെട്ടവർ കർശന നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.