മിയാവാക്കി വനവും ശലഭോദ്യാനവും ഒരുക്കും: മന്ത്രി ശശീന്ദ്രന്
1575433
Sunday, July 13, 2025 8:34 AM IST
കാഞ്ഞങ്ങാട്: വനം വകുപ്പിന്റെ സഹകരണത്തോടെ അജാനൂരില്‍ മിയാവാക്കി വനവും തൃക്കരിപ്പൂര്‍ ഇളമ്പച്ചിയില്‍ ശലഭോദ്യാനവും ഒരുക്കുമെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രന്. അജാനൂര്‍ പഞ്ചായത്ത് ആനന്ദവനം വനവത്കരണപദ്ധതിയുടെ ഭാഗമായി സോഷ്യല്‍ ഫോറസ്ട്രിയുമായി സഹകരിച്ച് ആനന്ദാശ്രമത്തിന് സമീപം മൂന്നേക്കര്‍ പഞ്ചായത്ത് കൈവശ ഭൂമിയില്‍ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കലിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ജില്ലയിലെ തന്നെ ഏറ്റവും വലിയ പച്ചതുരുത്തായ ആനന്ദവനം പദ്ധതിക്കുവേണ്ടി വര്‍ഷങ്ങളായി നടത്തിയ പരിശ്രമത്തിന്റെ ഭാഗമായിട്ടാണ് കുന്നിന് ചെരിവില്‍ വനവത്കരണം സാധ്യമായത്. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ചെറാക്കോട്ട് കുഞ്ഞിക്കണ്ണന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് വനവത്കരണം ആരംഭിച്ചത്.
തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെ ആയിരം വൃക്ഷത്തൈ വച്ചുപിടിപ്പിച്ചെങ്കിലും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഉണ്ടായ തീപിടുത്തവും പ്രതികൂല കാലാവസ്ഥയും കാരണം പലതും നശിച്ചുപോയിരുന്നു.
തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ നടത്തിയ വനവത്കരണത്തിന്റെ ഭാഗമായി നിലവില്‍ ആനന്ദവനത്തില്‍ കുമുദ്, നെല്ലി, വേങ്ങ, മരുത്, കാറ്റാടി, പതിമുഖം, താന്നി, കാഞ്ഞിരം, പുളി, കായല്‍, കൊന്ന, പുകില്, കശുമാവ്, മാവ് എന്നിങ്ങനെ ആയിരത്തിലധികം വൃക്ഷങ്ങള്‍ വളര്‍ന്നുവലുതായിട്ടുണ്ട്.
2025 - 26 വാര്‍ഷിക പദ്ധതിയുടെ ഭാഗമായാണ് സോഷ്യല്‍ ഫോറസ്ട്രിയുമായി കൈകോര്‍ത്ത് ആയിരം വൃക്ഷത്തൈകള്‍ പ്രദേശത്ത് നട്ടുപിടിപ്പിക്കുന്നത്.ഇ. ചന്ദ്രശേഖരന് എംഎല്‍എ അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് മുഖ്യാതിഥിയായി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സബീഷ്, കെ. മീന, കെ. കൃഷ്ണന്, ഷീബ ഉമ്മര്‍, എ.ജി. പുഷ്പ, ലക്ഷ്മി തമ്പാന്, കെ.ആര്. ശ്രീദേവി, കെ. ബാലകൃഷ്ണന്, മൂലക്കണ്ടം പ്രഭാകരന്, എ. തമ്പാന്, കരീം ചന്തേര, എക്കാല്‍ കുഞ്ഞിരാമന്, ബഷീര്‍ വെള്ളിക്കോത്ത്, പ്രസാദ് മിഥില, പി.പി. രാജു, കെ.സി. മുഹമ്മദ്കുഞ്ഞി എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി. ശോഭ സ്വാഗതവും സെക്രട്ടറി കെ.എച്ച്. അനീഷ്കുമാര്‍ നന്ദിയും പറഞ്ഞു.