ദേലംപാടിയിൽ കാട്ടാന വീട്ടുപറമ്പിൽ; മതിലിന്റെ ഒരു ഭാഗം തകർത്തു
1576386
Thursday, July 17, 2025 12:42 AM IST
കാസർഗോഡ്: ചെറിയൊരു ഇടവേളയ്ക്കു ശേഷം ദേലംപാടി പഞ്ചായത്തിൽ വീണ്ടും കാട്ടാനയിറങ്ങി. ദേലംപാടി പഞ്ചിക്കല്ലിനു സമീപം ബെള്ളിപ്പാടിയിലെ കെ. രത്നാകരൻ നായരുടെ വീട്ടുപറമ്പിലാണ് കാട്ടാനയെത്തിയത്. കഴിഞ്ഞദിവസം പുലർച്ചെ ഒന്നരയോടെ വീടിന്റെ പിറകുവശത്ത് പന്തലിട്ടിരുന്ന ഷീറ്റ് ഇളകിവീഴുന്ന ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നുനോക്കിയപ്പോഴാണ് ആനയെ കണ്ടത്.
പന്തലിനു സമീപത്തുകൂടി ആന കടന്നപ്പോഴാണ് ഷീറ്റ് ഇളകിവീണത്. അതിന്റെ ശബ്ദവും വീട്ടുകാർ ഉണർന്ന് ലൈറ്റിട്ടതിന്റെ വെളിച്ചവും മൂലം അല്പം പരിഭ്രാന്തിയിലായ ആന വീടിനു സമീപത്തുകൂടി മുറ്റത്തെത്തിയശേഷം മുൻവശത്തെ മതിലിന്റെ ഒരു ഭാഗം തകർത്ത് പുറത്തുകടക്കുകയായിരുന്നു.
ആന പുറത്തുകടക്കുന്നതുവരെ രത്നാകരൻ നായരും ഭാര്യ നിർമലയും മകൻ ഋതുരാജും ഭയന്ന് വീടിനകത്തുതന്നെ നിൽക്കുകയായിരുന്നു. ദേലംപാടി പഞ്ചായത്തിൽ കർണാടക വനാതിർത്തിയോടുചേർന്ന കൃഷിയിടങ്ങളിൽ ഇടയ്ക്കിടെ ആനയിറങ്ങാറുണ്ടെങ്കിലും വീടുകൾക്കു സമീപമെത്തുന്നത് ആദ്യമായിട്ടാണ്.