ഇടതുഭരണം കേരളത്തെ പിന്നോട്ടടിച്ചു: രമേശ് ചെന്നിത്തല
1576093
Wednesday, July 16, 2025 12:19 AM IST
പാണത്തൂർ: കഴിഞ്ഞ ഒമ്പതുവര്‍ഷത്തെ ഇടതുഭരണം കേരളത്തെ പിന്നോട്ടടിച്ചതായി എഐസിസി വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. കോൺഗ്രസ് പനത്തടി മണ്ഡലം പ്രവർത്തക കൺവൻഷൻ പാണത്തൂർ സെഹിയോൻ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ 30 സീറ്റുകള്‍ യുഡിഎഫിന് നഷ്ടമായത് ചെറിയ വോട്ട് മാര്‍ജിനാണ്. ഈ പ്രാവശ്യം ഒരുമിച്ചുള്ള പ്രവര്‍ത്തനം 2026 ലെ തിരഞ്ഞെടുപ്പ് യുഡിഎഫിന്റെ ശക്തമായ തിരിച്ചുവരവിന് കളമൊരുക്കും. കേരളത്തിലെ മുക്കിലും മൂലയിലും ബീവറേജും ബാറുകളും അനുവദിച്ചതിലൂടെ യുവാക്കളെ മദ്യത്തിനും മയക്കുമരുന്നിനും അടിമകളാക്കുകയാണ് സര്‍ക്കാര്‍. വനാതിര്‍ത്തികളില്‍ താമസിക്കുന്ന ജനങ്ങളുടെ പ്രശ്നങ്ങള്‍ യുഡിഎഫ് ഭരണം വരുമ്പോള്‍ പരിഹരിയ്ക്കുമെന്നും ആശിയ്ക്കുന്ന ഭൂമി ആദിവാസികള്‍ക്ക് സ്വന്തം പദ്ധതി വീണ്ടും നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എം. കുഞ്ഞമ്പു നായര്‍ അഞ്ജനമുക്കൂട്, തെയ്യംകലാകാരന്‍ കുമാരന് കര്‍ണമൂര്‍ത്തി, കര്ഷകന് മോഹനന് ബാപ്പുങ്കയം എന്നിവരെ ആദരിച്ചു. മണ്ഡലം പ്രസിഡന്റ് കെ.ജെ. ജയിംസ് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ, കെപിസിസി സെക്രട്ടറി കെ. നീലകണ്ഠൻ, കെപിസിസി മെംബർ കരിമ്പിൽ കൃഷ്ണൻ, ഡിസിസി വൈസ് പ്രസിഡന്റ് പി.ജി. ദേവ്, കരിക്കൈ പഞ്ചായത്ത് പ്രസിഡന്റ് ബാലചന്ദ്രൻ നായർ, ജോണി തോലമ്പുഴ, എം.ബി. ഇബ്രാഹിം, എം. അബ്ബാസ്, രാധ സുകുമാരൻ, ശ്രീധരൻ, പി.സി. അജീഷ്കുമാർ, കെ. സുകുമാരൻ, ജോസ് നഗരോലിൽ, വിനോദ് ഫിലിപ്പ്, എം. ജയകുമാർ, സണ്ണി കുന്നകുളം എന്നിവർ പ്രസംഗിച്ചു.