ചക്കയ്ക്ക് വീണടിയാൻ തന്നെ വിധി
1575810
Tuesday, July 15, 2025 1:05 AM IST
കാസർഗോഡ്: മികച്ച വിപണിസാധ്യതകൾക്ക് വഴിതുറക്കാനായി ചക്കയെ ജില്ലയുടെ തനത് ഉത്പന്നമായി പ്രഖ്യാപിച്ച് മൂന്നുവർഷം കഴിഞ്ഞിട്ടും പദ്ധതികൾ കടലാസിലൊതുങ്ങി. ഇത്തവണ ജില്ലയിൽ മുൻവർഷങ്ങളേക്കാളധികം ഉത്പാദനമുണ്ടായിട്ടും ചക്കകളിലേറെയും പ്ലാവിൻ ചുവട്ടിൽ വീണടിഞ്ഞു.
മുൻവർഷങ്ങളിൽ തദ്ദേശസ്ഥാപനങ്ങളുടെയും മറ്റും നേതൃത്വത്തിൽ പലയിടങ്ങളിലും ചക്ക മേളകൾ സംഘടിപ്പിച്ചിരുന്നു. ഇത്തവണ ഇത്തരം മേളകളുടെയും എണ്ണം കുറഞ്ഞു. വിഷുവിനോടടുത്ത സമയത്തു മാത്രമാണ് ചക്കയ്ക്ക് കുറച്ചെങ്കിലും വിപണി ലഭിച്ചത്. മേയ് പകുതിയോടെതന്നെ കാലവർഷമെത്തിയതോടെ ചക്കകൾ കൂട്ടത്തോടെ വീണടിയുന്ന നിലയായി.
കേന്ദ്രസർക്കാരിന്റെ ഒരു ജില്ല ഒരു ഉത്പന്നം പദ്ധതിയിൽ ജില്ലയുടെ ഉത്പന്നമായി 2022 ലാണ് ജില്ലാ വ്യവസായ കേന്ദ്രം ചക്കയെ നിർദേശിച്ചത്. ഈ പദവി കിട്ടുന്നതോടെ ചക്കയുമായി ബന്ധപ്പെട്ട മൂല്യവർധിത ഉത്പന്നങ്ങൾക്കും ചെറുകിട വ്യവസായ സംരംഭങ്ങൾക്കും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രത്യേക സഹായവും മികച്ച വിപണി സാധ്യതകളും ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, തുടക്കത്തിൽ ഏതാനും സെമിനാറുകളും ചക്ക മേളകളും സംഘടിപ്പിച്ചതിനപ്പുറം കാര്യമായ നടപടികളൊന്നും ജില്ലാ ഭരണകൂടത്തിന്റെയോ വ്യവസായ വകുപ്പിന്റെയോ തദ്ദേശ സ്ഥാപനങ്ങളുടെയോ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്ന് കർഷകർ പറയുന്നു.
ജില്ലയുടെ പല ഭാഗങ്ങളിലും കുടുംബശ്രീ യൂണിറ്റുകളുടെയും മറ്റും കീഴിൽ ചക്കപ്പൊടിയും ചക്ക വറുത്തതും ജാമുമൊക്കെ ഉത്പാദിപ്പിച്ച് വിപണിയിലിറക്കിയെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു പ്രോത്സാഹനമൊന്നും കിട്ടിയില്ല. ചക്കച്ചുളയും കുരുവുമൊക്കെ വൃത്തിയായി ഉരിഞ്ഞ് വേർതിരിക്കുന്നതിനുള്ള കാര്യമായ മനുഷ്യാധ്വാനവും ഉണക്കിപ്പൊടിക്കുന്നതിനും ജാമും മറ്റും ഉത്പാദിപ്പിക്കുന്നതിനുമുള്ള യന്ത്രസംവിധാനങ്ങളുടെ ചെലവും കേടുകൂടാതെ സൂക്ഷിക്കുന്നതിനുള്ള ബുദ്ധിമുട്ടുമെല്ലാം പരിഗണിക്കുമ്പോൾ അതിനുമാത്രമുള്ള വിപണി എങ്ങും കിട്ടുന്നില്ലെന്ന് സംരംഭകർ പറയുന്നു.
ബദിയടുക്കയ്ക്ക് സമീപം ഏത്തടുക്ക സദാശിവക്ഷേത്രത്തിൽ എല്ലാവർഷവും മിഥുനമാസത്തിലെ ഒരുദിവസം എല്ലാ വീടുകളിൽ നിന്നും പഴുത്ത ചക്കകൾ സമർപ്പിച്ച് നാട്ടുകാരുടെ കൂട്ടായ്മയിൽ ഉണ്ണിയപ്പമുണ്ടാക്കി നിവേദ്യമായി വിതരണം ചെയ്യാറുണ്ട്. പഴുത്ത ചക്കയും അരിപ്പൊടിയും ശർക്കരയും പശുവിൻപാലിൽ നിന്നുള്ള നെയ്യും ചേർത്തുണ്ടാക്കുന്ന ഉണ്ണിയപ്പത്തിന്റെ സ്വാദ് നാടെങ്ങും കേൾവികേട്ടതാണ്.
ജില്ലയിലെ ഗ്രാമീണമേഖലകളിൽ പരമ്പരാഗത രീതിയിൽ ഉണ്ടാക്കുന്ന ചക്ക പപ്പടത്തിനും ആവശ്യക്കാരേറെയാണ്. തമിഴ്നാട്ടിൽ നിന്നെത്തുന്ന ചക്കപ്പൊടിക്കും സംസ്കരിച്ച ചക്കക്കുരുവിനും വരെ ഇവിടെ ആവശ്യക്കാരുണ്ട്. പക്ഷേ ഇത്തരം ഉത്പന്നങ്ങളൊന്നും വ്യാവസായികാടിസ്ഥാനത്തിൽ നിർമിക്കാനും വിപണനം ചെയ്യാനുമുള്ള കാര്യമായ പ്രോത്സാഹനമോ സഹായമോ ഇവിടെ കിട്ടാത്തതാണ് പ്രശ്നമെന്ന് കർഷകർ പറയുന്നു.
ഇവിടെ അതിനുള്ള സംവിധാനങ്ങളില്ലെങ്കിൽ കൃഷിവകുപ്പിന്റെയോ മറ്റു സർക്കാർ സംവിധാനങ്ങളുടെയോ മുൻകൈയിൽ ന്യായമായ വിലയ്ക്ക് സംഭരിച്ച് ആവശ്യമായ ഇടങ്ങളിലേക്ക് കയറ്റിയയയ്ക്കാനുള്ള ക്രമീകരണങ്ങളെങ്കിലും ഉണ്ടാകണം. വരുംവർഷത്തേക്കെങ്കിലും ഇക്കാര്യത്തിൽ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് വേണ്ട നടപടികളുണ്ടാകണമെന്നാണ് കർഷകരുടെ ആവശ്യം.