സ്ഥലമേറ്റെടുക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിൽ
1575815
Tuesday, July 15, 2025 1:05 AM IST
നീലേശ്വരം: നഗരത്തിന്റെ ജീവനാഡിയായ രാജാ റോഡ് വീതികൂട്ടി നവീകരിക്കാനുള്ള പദ്ധതിക്ക് വീണ്ടും ജീവൻ വയ്ക്കുന്നു. റോഡ് വീതി കൂട്ടുന്നതിനായി ഇരുവശത്തുമുള്ള കെട്ടിടങ്ങളും സ്ഥലങ്ങളും നഷ്ടപരിഹാരം നല്കി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഉടമകൾക്ക് നോട്ടീസ് നല്കിത്തുടങ്ങി.
മാർക്കറ്റ് ജംഗ്ഷൻ മുതൽ റെയിൽവേ മേൽപ്പാലം വരെ 1.3 കിലോമീറ്റർ നീളത്തിലാണ് റോഡ് നവീകരിക്കുന്നത്. ഇതിനായുള്ള സർവേ നടപടികൾ നേരത്തേ പൂർത്തിയായിരുന്നു. തുടർന്ന് സ്ഥല ഉടമകളുടെ യോഗവും വിളിച്ചിരുന്നു. സ്ഥലങ്ങളുടെയും കെട്ടിടങ്ങളുടെയും ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകൾ ഹാജരാക്കുന്നതിനാണ് നോട്ടീസ് നല്കുന്നത്.
റെയിൽവേ മേൽപ്പാലത്തിന്റെ മറുവശത്ത് കോൺവന്റ് ജംഗ്ഷൻ മുതൽ താലൂക്ക് ആശുപത്രി വരെയുള്ള ഭാഗം നീലേശ്വരം-ഇടത്തോട് റോഡ് വികസനത്തിന്റെ ഭാഗമായി നവീകരിക്കുന്നതിനുള്ള സ്ഥലമേറ്റെടുപ്പ് അടുത്തിടെ പൂർത്തിയായിരുന്നു.
ഉടമകൾക്കുള്ള നഷ്ടപരിഹാര വിതരണം പൂർത്തിയായതോടെ കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നതിനുള്ള നടപടികളും തുടങ്ങി. ഇതേ രീതിയിൽ രാജാറോഡിലും പെട്ടെന്നുതന്നെ സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കാനാണ് നീക്കം.
നഗരമധ്യത്തിലായതിനാൽ ഉടമകൾക്ക് അല്പം കൂടി ഉയർന്ന നഷ്ടപരിഹാര പാക്കേജ് ലഭിക്കുമെന്നാണ് പ്രതീക്ഷ. നടപ്പാതയും ഓവുചാലുകളും വഴിവിളക്കുകളുമുൾപ്പെടെയാണ് റോഡ് നവീകരണത്തിനായി പദ്ധതി തയാറാക്കിയിട്ടുള്ളത്.