ആരോഗ്യ കാമ്പയിനുകള്‍ ശക്തിപ്പെടുത്താന്‍ ജില്ലാ വണ്‍ ഹെല്‍ത്ത് കമ്മിറ്റി രൂപീകരിച്ചു
1575568
Monday, July 14, 2025 1:57 AM IST
കാസര്‍ഗോഡ്: സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന വിവിധ ആരോഗ്യ കാമ്പയിനുകളുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പിആര്‍ ചേംബറില്‍ വിവിധ വകുപ്പുകളുടെ ഏകോപന സമിതി യോഗം ചേര്‍ന്നു.
സംസ്ഥാന സര്‍ക്കാര്‍ ജൂണ്‍ 16 മുതല്‍ ജൂലൈ 31 വരെ നടത്തുന്ന സ്റ്റോപ്പ് ഡയേറിയ കാമ്പയിന് 2025, ജന്തുജന്യരോഗനിയന്ത്രണ പ്രവര്‍ത്തനങ്ങള്‍, ലോക ജനസംഖ്യദിന പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ പുരോഗതിയും ഭാവി പരിപാടികളും യോഗം ചര്‍ച്ച ചെയ്തു. കാസര്‍ഗോഡ് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് പി. അഖില്‍ അധ്യക്ഷതവഹിച്ചു. ഡോ. ബേസില്‍ വർഗീസ്, പി.പി. ഹസീബ് എന്നിവര്‍ കാമ്പയിന് വിവരങ്ങള്‍ വിശദീകരിച്ചു.
ജന്തുജന്യ രോഗങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ജില്ലയിലെ രോഗനിരീക്ഷണ, പ്രതിരോധ പ്രവര്‍ത്തങ്ങള്‍ ഏകോപിക്കുന്നതിനായി കാസറഗോഡ് ജില്ലാ ഏകാരോഗ്യ കമ്മിറ്റി രൂപീകരിച്ചു. ജില്ലാ കളക്ടര്‍ ചെയര്‍പേഴ്സണും നവകേരളം കര്‍മപദ്ധതി നോഡല്‍ ഓഫീസര്‍ കണ്‍വീനറുമായ ഈ കമ്മിറ്റിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍, പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍, ജില്ലാ കൃഷി ഓഫീസര്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍, ജില്ലാ ഫിഷറീസ് ഓഫീസര്‍, ജില്ലാ ഫോറസ്റ്റ് ഓഫീസര്‍, ജില്ലാ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍, എന്നിവരുള്‍പ്പെടെ ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരും പൊതു സമൂഹത്തിലെ ഒരു പ്രതിനിധിയും അംഗങ്ങളാണ്.
ഏകാരോഗ്യം എന്ന ആശയം, കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ ജന്തുജന്യ രോഗങ്ങള്‍ തടയുന്നതില്‍ അതിനുള്ള പ്രാധാന്യം എന്നിവയെക്കുറിച്ച് ഡോ. ബേസില്‍ വര്‍ഗീസ് വിശദീകരിച്ചു. രോഗവ്യാപന സാധ്യത കൂടുതലുള്ള സ്ഥലങ്ങില്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ രോഗപ്രതിരോധ പ്രവര്‍ത്തങ്ങള്‍ ഊർജിതപ്പെടുത്താന്‍ യോഗം തീരുമാനിച്ചു.
ഏകാരോഗ്യ സമിതി അംഗങ്ങള്‍ കൂടാതെ പട്ടികജാതി, പട്ടികവർഗ വികസന വകുപ്പ്, തൊഴില്‍വകുപ്പ്, പബ്ലിക് റിലേഷന്‍സ് തുടങ്ങിയ വകുപ്പുകളുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.