കടല്‍ക്ഷോഭം രൂക്ഷം; തീരദേശവാസികള്‍ ആശങ്കയില്‍
1576091
Wednesday, July 16, 2025 12:19 AM IST
കാസര്‍ഗോഡ്: മഴ ശക്തിയായി തുടരുമ്പോള്‍ കടല്‍ക്ഷോഭവും രൂക്ഷം. അതിശക്തമായ തിരയടിയാണ് തീരമേഖലകളില്‍ ഉണ്ടാകുന്നത്. ജില്ലയില്‍ മഞ്ചേശ്വരം മുതല്‍ വലിയപറമ്പ് വരെയുള്ള 87.65 കിലോമീറ്റര്‍ തീരമേഖലയില്‍ കടല്‍ക്ഷോഭം രൂക്ഷമാണ്.
ജില്ലയില്‍ തൃക്കണ്ണാട് കടപ്പുറം രൂക്ഷമായ കടല്‍ക്ഷോഭമാണ് നേരിടുന്നത്. ശക്തമായി തുടരുന്ന കടല്‍ക്ഷോഭം കാരണം തീരദേശ മേഖലയില്‍ തീരവും വീടും നഷ്ടപ്പെടുമെന്ന അവസ്ഥയിലാണ് മത്സ്യത്തൊഴിലാളികള്‍. കാസര്‍ഗോഡ്-കാഞ്ഞങ്ങാട് സംസ്ഥാനപാതയ്ക്ക് ആറുമീറ്റര്‍ വരെ അരികിലേക്കു കടല്‍ ഇരച്ചുകയറി തുടങ്ങി. തൃക്കണ്ണാട് ക്ഷേത്രത്തിനു പടിഞ്ഞാറുള്ള കൊടുങ്ങല്ലൂര്‍ ഭഗവതി മണ്ഡപത്തിന്റെ തെക്കു-പടിഞ്ഞാറു ഭാഗത്തെ ചുമരുകള്‍ കടലേറ്റത്തില്‍ തകര്‍ന്നു.
മണ്ഡപത്തിനകത്തും ഭാഗിക കേടുപാടുകള്‍ സംഭവിച്ചു. സമീപത്തു കൂറുമ്പ ഭഗവതി ക്ഷേത്രത്തിന്റെ രണ്ടുവര്‍ഷം മുന്‍പ് ഭാഗികമായി തകര്‍ന്ന കെട്ടിടത്തിന്റെ കൊടുങ്ങല്ലൂര്‍ മണ്ഡപത്തിനും ബസ് കാത്തിരിപ്പുകേന്ദ്രത്തിനും ഇടയില്‍ റോഡില്‍നിന്ന് അഞ്ചു മീറ്റര്‍ അകലെ വരെ കടല്‍ കയറി. ബസ് കാത്തിരിപ്പു കേന്ദ്രത്തിനു പടിഞ്ഞാറുള്ള ഹൈമാസ്റ്റ് ലൈറ്റ് വീഴാറായ നിലയിലാണ്. ആഴ്ചകള്‍ക്കു മുന്‍പേ നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും അപകടസാധ്യതയുള്ള ഹൈമാസ്റ്റ് ലൈറ്റ് മാറ്റിയിട്ടില്ല.
ഒരു പതിറ്റാണ്ടുകാലം പിടിച്ചുനിന്ന കടല്‍ ഭിത്തികള്‍ പോലും ഇത്തവണത്തെ കടല്‍ക്ഷോഭത്തില്‍ തടുത്തുനിര്‍ത്താനായില്ല. അശാസ്ത്രീയമായി നിര്‍മിച്ച കടല്‍ ഭിത്തികളെല്ലാം ഇപ്പോള്‍ കടലെടുത്തുകൊണ്ടിരിക്കുന്നത് തീരമേഖലയില്‍ വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. വലുതും ചെറുതുമായ കരിങ്കല്ലുകള്‍ കൊണ്ട് നിര്‍മിച്ച ഒരു കടല്‍ ഭിത്തിയും തീരസംരക്ഷണത്തിന് ഉതകുന്നില്ല. കടല്‍ക്ഷോഭം കാരണം തീരം ഇതിനകം തന്നെ വിവിധ സ്ഥലങ്ങളിലായി 50 മുതല്‍ 300 മീറ്ററുകളോളം കടലെടുത്തിട്ടുണ്ട്. കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്തരത്തില്‍ ഇത്രയും രൂക്ഷമായ കടല്‍ക്ഷോഭം അനുഭവപ്പെടുന്നതെന്ന് തീരദേശ വാസികള്‍ പറയുന്നു.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഉള്ക്കടവില് രൂപംകൊള്ളുന്ന ന്യൂനമര്‍ദം ഇടയ്ക്കിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് തീരദേശവാസികളെ കുറച്ചൊന്നുമല്ല ഭയാശങ്കയിലാക്കുന്നത്. മഞ്ചേശ്വരം കണ്വതീര്‍ഥ, ഉപ്പള ബേരിക്ക, കണ്ണങ്കുളം, മുസോടി, ആരിക്കാടി കടവത്ത്, കുമ്പള കോയിപ്പാടി, പെര്‍വാഡ്, മൊഗ്രാല്‍ നാങ്കി കടപ്പുറം, ഗാന്ധിനഗര്‍, കൊപ്പളം, ചേരങ്കൈ കടപ്പുറം, കീഴൂര്‍ കടപ്പുറം, ചെമ്പരിക്ക, ഉദുമ, കോട്ടിക്കുളം, ബേക്കല്‍, തൃക്കണ്ണാട്, അജാനൂര്‍ തുടങ്ങിയ തീരമേഖലകളിലൊക്കെ അതിരൂക്ഷമായ കടല്‍ക്ഷോഭമാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്.
കാസര്‍ഗോഡ് ചേരങ്കൈയില്‍ കടല്‍ക്ഷോഭത്തില്‍ നിരവധി വീടുകള്‍ ഭീഷണിയിലാണ്. കടല്‍ക്ഷോഭം നേരിടാന്‍ നാട്ടുകാര്‍ ഇവിടെ ജിയോബാഗ് വച്ച് സുരക്ഷ ഒരുക്കാന്‍ ശ്രമം നടത്തുന്നുണ്ടെങ്കിലും കടലാക്രമണത്തിന്റെ തീവ്രത കാരണം ഇതിനെ തടുത്ത് നിർത്താനാകുന്നില്ല. ഇവിടെ മൂന്നുവര്‍ഷം മുമ്പ് നിര്‍മിച്ച ജിയോബാഗ് കടല്‍ഭിത്തിയും ഇപ്പോള്‍ കടലെടുത്തുകൊണ്ടിരിക്കുന്നു. കടലാക്രമണം രൂക്ഷമായി തുടരുകയാണെങ്കില്‍ ഇവിടെനിന്ന് നൂറുകണക്കിന് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ടതായി വരുമെന്നാണ് അധികൃതര്‍ നല്കുന്ന സൂചന. കീഴൂര്‍ കടപ്പുറത്തും സമാനമായ കടലാക്രമണമാണ് നേരിടുന്നത്.
ജില്ലാ കളക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഇറിഗേഷന്‍ വകുപ്പ്, റവന്യൂ, തദ്ദേശം, ദുരന്തനിവാരണ അതോറിറ്റി, ഫയര്‍ഫോഴ്സ് വിഭാഗങ്ങളെല്ലാം തീരമേഖലയില്‍ അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്. ജില്ലയിലെ തീര മേഖലയില്‍ ശാസ്ത്രീയമായ ടെട്രോപോഡ് കൊണ്ടുള്ള കടല്‍ ഭിത്തികള്‍ നിര്‍മിക്കണമെന്ന് തീരദേശവാസികളുടെയും, മത്സ്യത്തൊഴിലാളികളുടെയും സന്നദ്ധ സംഘടനകളുടെയും ആവശ്യം പരിഗണിച്ച് ജലസേചന വിഭാഗം പദ്ധതി തയാറാക്കി സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ പ്രതീക്ഷയര്‍പ്പിച്ച് നില്‍ക്കുകയാണ് തീരദേശവാസികള്‍.
നേരത്തെ കേന്ദ്രസര്‍ക്കാറിന്റെ തീര ഫണ്ടുകള്‍ ഉപയോഗപ്പെടുത്തി കടല്‍ഭിത്തി പോലുള്ള നിര്‍മാണങ്ങള്‍ക്ക് ധനകാര്യ കമ്മീഷന് ഫണ്ട് അനുവദിച്ചിരുന്നു. എന്നാല്‍, ധനകാര്യ കമ്മീഷനെ കേന്ദ്രസര്‍ക്കാര്‍ പിരിച്ചുവിട്ടതോടെ തീരസംരക്ഷണ പദ്ധതികള്‍ക്ക് ഫണ്ട് അനുവദിക്കുന്നതിന്റെ ഉത്തരവാദിത്വം കൂടി സംസ്ഥാന സര്‍ക്കാരിന്റെ ചുമലിലായി. ഭീമമായ തുകയാണ് തീരെ മേഖലയില്‍ തീര സംരക്ഷണത്തിന് വേണ്ടി വരുന്നത്. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ പദ്ധതി യാഥാര്‍ഥ്യമാകുമോ എന്ന ആശങ്ക തീരദേശവാസികള്ക്കുണ്ട്.