ഇ-മാലിന്യം ശേഖരിക്കാന്‍ ഹരിതകര്‍മസേന
1576388
Thursday, July 17, 2025 12:42 AM IST
കാഞ്ഞങ്ങാട്: ഇ-മാലിന്യം ഇനി തലവേദനയാകില്ല, മാത്രമല്ല കാശുമാക്കാം. വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍നിന്നും വിലനല്‍കി ശേഖരിക്കാന്‍ ഒരുങ്ങുകയാണ് ഹരിതകര്‍മസേന. ഓരോ ഇനത്തിനും പ്രത്യേകം വിലനല്‍കിയാണ് ശേഖരിക്കുക തദ്ദേശവകുപ്പിന്റെ നേതൃത്വത്തിലുള്ള ഇ-മാലിന്യശേഖരണത്തിനുള്ള ഒരുക്കങ്ങള്‍ ജില്ലയില്‍ തുടങ്ങി.
ആദ്യഘട്ടത്തില്‍ ജില്ലയിലെ നീലേശ്വരം, കാഞ്ഞങ്ങാട്, കാസര്‍ഗോഡ് നഗരസഭ പരിധിയിലെ വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുമായിരിക്കും ഇ-മാലിന്യംശേഖരിക്കുക. 15 മുതല്‍ 31 വരെയാണ് കാമ്പയിന് നടക്കുന്നത്. ഇതിനു മുന്നോടിയായി നഗരസഭാ ഉദ്യോഗസ്ഥരുടെ യോഗം ചേരുകയും തുടര്‍ന്ന് ഹരിത കര്‍മസേനയ്ക്ക് ക്ലീന്കേരളകമ്പനി പരിശീലനം നല്‍കുകയും ചെയ്തു.
പുനഃചംക്രമണ സാധ്യമായവ, അപകടകരമായവ, ശേഖരിക്കുമ്പോഴും കൊണ്ടുപോകുമ്പോഴും പാലിക്കേണ്ട സുരക്ഷാമാനദണ്ഡങ്ങള്‍, ഇ-മാലിന്യത്തിന്റെ വില, ഭവിഷ്യത്തുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പരിശീലനം നല്‍കിയത്.
ഹരിതകര്‍മസേന ശേഖരിക്കുന്ന ഇ-മാലിന്യം ക്ലീന്‍കേരള കമ്പനിക്ക് നല്‍കുകയും കമ്പനി ഹരിതകര്‍മസേനയ്ക്ക് തുക കൈമാറുകയുംചെയ്യും. ക്ലീന്‍കേരള കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ 59 ടണ്‍ പുനഃചംക്രമണമായ ഇ-മാലിന്യവും അപകടകരമായ 210 കിലോമാലിന്യവും ശേഖരിച്ചു.
കാസര്‍ഗോഡ് നഗരസഭയില്‍ നെല്ലിക്കുന്നില്‍ നഗരസഭ ചെയര്മാന് അബ്ബാസ് ബീഗവും നീലേശ്വരം നഗരസഭയില്‍ ചിറപ്പുറത്ത് നഗരസഭ ചെയര്‍പേഴ്സണ്‍ ടി.വി. ശാന്തയും കാഞ്ഞങ്ങാട് നഗരസഭാതല ഉദ്ഘാടനം ആലാമിപ്പള്ളിയില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി. സുജാതയും ഉദ്ഘാടനം നിര്‍വ്വഹിച്ചു.