കൊട്ടാരക്കര നഗരസഭ: ഉപാധ്യക്ഷ രാജിവെച്ചു
1262783
Saturday, January 28, 2023 10:39 PM IST
കൊട്ടാരക്കര: നഗരസഭ ഉപാധ്യക്ഷ സി പി എം ലെ അനിതാ ഗോപകുമാർ രാജിവെച്ചു. എൽ ഡി എഫ് ലെ ധാരണ പ്രകാരമാണ് രാജി. ഉപാധ്യക്ഷ സ്ഥാനവും സ്ഥിരം സമിതി അധ്യക്ഷ സ്ഥാനവും കേരളാ കോൺഗ്രസ് അധികമായി ആവശ്യപ്പെടുകയും അവരുടെ ചെയർമാൻ എ ഷാജു രാജി നീട്ടിക്കൊണ്ടുപോവുകയും ചെയ്തിരുന്നു.
ഒടുവിൽ സിപിഎം ജില്ലാ നേതൃത്വം ഇടപെട്ടാണ് ഷാജുവിനെക്കൊണ്ട് രാജിവെയ്പ്പിച്ചത്. അപ്പോഴുണ്ടാക്കിയ ധാരണയായിരുന്നു സിപിഎമ്മിന്റെ കൈവശമുള്ള ഉപാധ്യക്ഷ സ്ഥാനം രാജിവെച്ച് കേരളാ കോൺഗ്രസിന് കൈമാറാമെന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ രാജി. ഇനി രണ്ടു വർഷത്തേക്ക് ഉപാധ്യക്ഷ സ്ഥാനം കേരളാ കോൺഗ്രസിനായിരിക്കും. അവസാന ഒരു വർഷം ഉപാധ്യക്ഷ സ്ഥാനം വീണ്ടും സി പി എം നു ലഭിക്കും.
ഉപാധ്യക്ഷ സ്ഥാനം കേരളാ കോൺഗ്രസിനു തീരുമാനിച്ചെങ്കിലും ആര് എന്നത് തീരുമാനിക്കാൻ കഴിഞ്ഞിട്ടില്ല. ഇവരുടെ ഒന്നിലധികം വനിതാ കൗൺസിലർമാർ അവകാശവാദവുമായി രംഗത്തുണ്ട്. തർക്കങ്ങൾ ഉടലെടുത്തതിനാൽ പാർട്ടി ചെയർമാൻ കെ ബി ഗണേഷ് കുമാർ തീരുമാനിക്കുമെന്ന നിലപാടിലാണ് നേതാക്കൾ.