മരം വീണ് വീടിന്റെ മേൽക്കൂര തകർന്നു
1564820
Wednesday, June 4, 2025 6:54 AM IST
കുണ്ടറ : പടപ്പക്കര റീത്ത ഓയിൽ മില്ലിന് സമീപത്തെ മേരി പുഷ്പത്തിന്റെ വീടിന്റെ മുകളിൽ മരം വീണ് മേൽക്കൂര തകർന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും തൊട്ടടുത്ത പുരയിടത്തിൽ നിന്ന കൂറ്റൻ മരമാണ് വീണത്.
മാസങ്ങൾക്കു മുന്പ് മറ്റൊരു മരവും കടപുഴകി വീണിരുന്നു. അന്നുമുതലേ പുരയിട ഉടമയോട് നിരവധി തവണ ഈ മരം മുറിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടും അവർ കൂട്ടാക്കിയില്ല. പേരയം പഞ്ചായത്തിൽ പരാതിയും നൽകിയിട്ടും നടപടി ഉണ്ടായില്ല.
മരം കടപുഴകി വീണതിന് പിന്നാലെ വസ്തുവിന്റെ ഉടമസ്ഥരെ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ലെന്ന് തകർന്ന വീടിന്റെ ഉടമസ്ഥ പറഞ്ഞു. എന്ത് ചെയ്യണമെന്ന് അറിയാതെ ബുദ്ധിമുട്ടുകയാണീ കുടുംബം.