ലഹരിക്കെതിരേ കുടുംബകൂട്ടായ്മ കാമ്പയിൻ എട്ടു മുതൽ
1565016
Thursday, June 5, 2025 6:27 AM IST
കൊല്ലം: ലഹരിക്കെതിരെ കുടുംബങ്ങളുടെ ജാഗ്രതയും പ്രതിരോധവും ശക്തമാക്കുക എന്ന സന്ദേശവുമായി കെസിബിസി മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന ലഹരി വിരുദ്ധ കുടുംബ കൂട്ടായ്മാ കാമ്പയിൻ -ഫാമിലിയ നോവ 2025 " എട്ടു മുതൽ ആരംഭിക്കും.
ലഹരി ആസക്തി മൂലം ശിഥിലമാക്കപ്പെട്ട കുടുംബങ്ങളുടെയും തകർക്കപ്പെട്ട തലമുറകളുടെയും വിമോചനം ലക്ഷ്യമാക്കിയാണ് രൂപതാ മദ്യവിരുദ്ധ പ്രസ്ഥാനം ഈ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ലഹരിക്കെതിരെ ബോധ്യങ്ങളും ആത്മീയ ശക്തിയും ധാർമിക പിൻതുണയും നൽകി കുടുംബങ്ങളെ ലഹരി വിമുക്ത പാതയിലേക്ക് നയിക്കാനുള്ള മുന്നേറ്റമാണ് ഫാമിലിയ നോവ 2025.
രൂപതയിലെ കുടുംബങ്ങളിലും കൂട്ടായ്മകളിലും പെന്തക്കോസ്താ തിരുനാളായ ജൂൺ 8 ന് ആരംഭിച്ച് തിരുക്കുടുംബ തിരുനാൾ ദിനമായ ഡിസംബർ 28ന് സമാപിക്കത്തവിധത്തിലാണ് പരിപാടി.
പരിപാടിയുടെ രൂപതാതല ഉദ്ഘാടനംഎട്ടിന് വൈകുന്നേരം അഞ്ചിന് തോപ്പ് ഇടവകയിലെ കായിക്കര സെന്റ് ആന്റണീസ് കുരിശടിയിൽ വികാർ ജനറൽ മോൺ.ഡോ. ബൈജു ജൂലിയാൻ നിർവഹിക്കും.
സമിതി ഡയറക്ടർ ഫാ. മിൽട്ടൺ ജോർജ് ലഹരിവിരുദ്ധ സന്ദേശം നൽകും. ഇടവകവികാരിഫാ.വർഗീസ് പൈനാടത്ത് പ്രാർഥനാ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.രൂപതയിലാകമാനം കുടുംബ നവീകരണ പ്രബോധന പരിപാടികൾ, ലഹരിവിരുദ്ധ പ്രതിജ്ഞ,
ലഹരി വിമോചന ദീപം തെളിക്കൽ, കൗൺസിലിംഗ് ക്ലാസുകൾ , തുടങ്ങി വിവിധ ബോധവൽക്കരണ കലാപരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ടെന്ന് സമിതി പ്രസിഡന്റ് യോഹന്നാൻ ആന്റണിയും ജനറൽ സെക്രട്ടറി എ. ജെ .ഡിക്രൂസും അറിയിച്ചു.