യൂത്ത് കോൺഗ്രസ് പെരുമ്പുഴ വൈദ്യുതി ഓഫീസിലേയ്ക്ക് മാർച്ച് നടത്തി
1564529
Tuesday, June 3, 2025 6:35 AM IST
കൊട്ടിയം: വൈദ്യുതി ബോർഡിന്റെ അനാസ്ഥമൂലം പൊട്ടിക്കിടന്ന കമ്പിയിൽ നിന്ന് വൈദ്യുതാഘാതംഏറ്റ്അച്ഛൻ മരിക്കുകയും മകൾ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തതിൽ കെഎസ്ഇബി അനാസ്ഥയാരോപിച്ച് പെരുമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ചും, പ്രതിഷേധ യോഗവും സംഘടിപ്പിച്ചു.
മാർച്ച് കെഎസ്ഇബി ഓഫീസിന് മുന്നിൽ പോലീസ് തടഞ്ഞു. ഓഫീസിനുള്ളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത് സംഘർഷത്തിന് കാരണമായി.ഡിസിസി ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം മാർച്ച് ഉദ്ഘാടനം ചെയ്തു.
പെരുമ്പുഴ തലപ്പറമ്പ് ജംഗ്ഷന് സമീപം നാല് ദിവസങ്ങളായി കറണ്ട് ഇല്ലാത്ത, സാഹചര്യത്തിൽ ഉത്തരവാദിത്വപ്പെട്ട കെഎസ്ഇബി ഉദ്യോഗസ്ഥർ അനധികൃതമായി സർവീസ് വയർ ജോയിന്റ് ചെയ്തു കൊടുത്തതിലുള്ള പാളിച്ചയാണ് വൈദ്യുതി പ്രവഹിച്ച് ഗോപാലകൃഷ്ണപിള്ള മരിക്കുവാൻ ഇടയായത്.
കെഎസ്ഇബിയുടെ അനാസ്ഥ മൂലമാണ് ജീവൻ പൊലിഞ്ഞതെന്നും അതിനാൽ അടിയന്തര ധനസഹായം കുടുംബത്തിന് നൽകണമെന്നും, ഇതിന് കാരണക്കാരായ കെഎസ്ഇബി ഉദ്യോഗസ്ഥരുടെ പേരിൽ നരഹത്യയ്ക്ക് കേസെടുക്കുവാൻ പോലീസ് തയാറാകണമെന്നും, ഇതുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷനും പോലീസിനും പരാതി നൽകുമെന്നും ഫൈസൽ കുളപ്പാടം പറഞ്ഞു.
ഷാൻ മുട്ടയ്ക്കാവ് അധ്യക്ഷനായി. യുഡിഎഫ് കുണ്ടറ നിയോജകമണ്ഡലം കമ്മിറ്റി ചെയർമാൻ കുരീപ്പള്ളി സലിം, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ വിനോദ് ജിപിള്ള, ഗോപകുമാർ, വിനോദ് കോണിൽ, അതുൽ പള്ളിമൺ, റെക്സൺ, ഹാരോൺ, ജയൻ തട്ടാർകോണം, ഷാജഹാൻ ഇളംപള്ളൂർ,സൽമാൻ വിളയിൽ,വിളവീട്ടിൽ മുരളി, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ മിനി, സിന്ധു ഗോപൻ, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി സുവർണ ,തുടങ്ങിയവർ നേതൃത്വം നൽകി.
എക്സിക്യൂട്ടീവ് എൻജിനീയർക്ക് പരാതി രേഖാമൂലം നൽകുകയുംചെയ്തു. കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന ഉറപ്പിന്മേൽ സമരം താൽക്കാലികമായി അവസാനിപ്പിക്കുകയും ചെയ്തു.