കടലിൽ കാണാതായ മത്സ്യത്തൊഴിലാളിക്കായി തെരച്ചിൽ തുടരുന്നു
1564323
Monday, June 2, 2025 6:21 AM IST
വിഴിഞ്ഞം : കടലിൽ കാണാതായ പുല്ലുവിള കിണറ്റടിവിളാകം പുരയിടത്തിൽ സ്റ്റെല്ലസ് (48) നായുള്ള തെരച്ചിൽ തുടരുന്നു.
തീരദേശ പോലീസും മറൈൻ എൻഫോഴ്സ്മെന്റ്ും കോസ്റ്റു ഗാർഡും ഇന്നലെ രാവിലെ മുതൽ നടത്തിയ തെരച്ചിലും ഫലം കണ്ടില്ല.
ശക്തമായ കടൽക്ഷോഭമുള്ളതിനാൽ ഉൾക്കടലിലേക്ക് ഒഴുകി പോകാമെന്നും അധികൃതർ കണക്ക് കൂട്ടുന്നു. വ്യാഴാഴ്ച വിഴിഞ്ഞത്തു നിന്ന് മീൻ പിടിക്കാൻ പോയ അഞ്ചംഗ സംഘത്തിലെ ഒരാളായിരുന്നു സ്റ്റെല്ലസ്.
ഇവർ സഞ്ചരിച്ച ബോട്ട് വെള്ളിയാഴ്ച പുലർച്ചെ വിഴിഞ്ഞം തുറമുഖത്തിന് സമീപം മറിഞ്ഞാണ് അപകടമുണ്ടായത്.
അഞ്ചുപേരിൽ പുല്ലുവിള പഴയതുറ പുരയിടത്തിൽ ആന്റണി തിരയിൽപ്പെട്ടു മരണമടഞ്ഞിരുന്നു. കാണാതായ സ്റ്റെല്ലസിനെ കണ്ടെത്താൻ രക്ഷാബോട്ടിറക്കിയെങ്കിലും പരാജയമടഞ്ഞു. പ്രതികൂല കാലാവസ്ഥയെ തുടർന്ന് നിർത്തിവച്ച തെരച്ചിൽ ഇന്ന് വീണ്ടും ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.