സിസിടിവിയില്‍ കണ്ട അജ്ഞാത ജീവി പുലിയെന്ന് നാട്ടുകാര്‍
1564317
Monday, June 2, 2025 6:21 AM IST
അഞ്ചല്‍ : സിസിടിവിയില്‍ അജ്ഞാത ജീവിയെ കണ്ടത് പുലിയെന്ന് നാട്ടുകാര്‍ . സ്ഥിരീകരിക്കാതെ വനം വകുപ്പ്.ഏരൂര്‍ പത്തടി കാഞ്ഞുവയലില് ലക്ഷംവീട് കുന്നുംപുറത്താണ് സിസിടിവിയില്‍ പുലിയുടെതിന് സാമ്യമുള്ള ജീവിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്.
ഷാനവാസ് എന്നയാളുടെ വീട്ടിലെ സിസിടിവി കാമറയിലാണ് അജ്ഞാത ജീവിയുടെ ദൃശ്യങ്ങള്‍ കണ്ടെത്തിയത്. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പുലിയുടെതെന്ന സംശയത്തില്‍ വിവരം വനം വകുപ്പ് അധികൃതരെ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ അഞ്ചല്‍ റേഞ്ച് ആര്‍ആര്‍ടി അധികൃതര്‍ വിശദമായ പരിശോധന നടത്തി.
പ്രാഥമിക പരിശോധനയില്‍ പുലിയല്ലെന്നും കാട്ടുപൂച്ചയാണെന്നും വനം വകുപ്പ് നാട്ടുകാരെ അറിയിച്ചു. എന്നാല്‍ വനം വകുപ്പിന്റെ വാദം നാട്ടുകാര്‍ തള്ളുകയാണ്. കണ്ടത് പുലിയാണെന്ന നിഗമനത്തില്‍ തന്നെയാണ് നാട്ടുകാര്‍. തന്റെ പശുവടക്കമുള്ള ഫാം ലക്ഷ്യമിട്ടാണ് ഇവയെത്തിയതെന്നും ഷാനവാസ് പറയുന്നു.
നാട്ടുകാരും പൊതുപ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവരും ആശങ്ക പങ്കുവച്ചതോടെ വൈകിട്ട് വീണ്ടും സ്ഥലത്തെത്തിയ ആര്‍ആര്‍ടി സംഘം സിസിടി ദൃശ്യങ്ങളില്‍ കണ്ടത് പുലിയാണെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും കൂടുതല്‍ പരിശോധന നടത്തുമെന്നും അറിയിച്ചു.
രാത്രി കാലങ്ങളില്‍ കൂടുതല്‍ പരിശോധന നടത്തുമെന്നും കാമറകള്‍ പരിശോധിച്ച് പുലിയാണോ അല്ലയോ എന്നത് സംബന്ധിച്ച സ്ഥിരീകരണം നടത്തുമെന്നും അറിയിച്ചു. സ്ഥിരീകരണം ഉണ്ടാകുംവരെ ജാഗ്രത വേണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.