സ്നേഹാശ്രമത്തിന് കുട്ടികൾ കലോപഹാരം സമ്മാനിച്ചു
1564331
Monday, June 2, 2025 6:34 AM IST
പാരിപ്പള്ളി:കേരളലളിതകലാ അക്കാദമിയുടെ കുട്ടികളുടെ കലാപരിശീലനക്യാമ്പിൽ പങ്കെടുത്തവർ വേളമാനൂർഗാന്ധിഭവൻ സ്നേഹാശ്രമത്തിന് മനോഹരമായ ഒരു കലോപഹാരം തയാറാക്കി സമ്മാനിച്ചു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി വേളമാനൂർഗാന്ധിഭവൻ സ്നേഹാശ്രമത്തിൽ നടന്ന ക്യാമ്പിൽ തെരഞ്ഞെടുക്കപ്പെട്ട 40 കുട്ടികളാണ് പങ്കെടുത്തത്.
സമാപന സമ്മേളനത്തിൽ ചലച്ചിത്ര പിന്നണിഗായിക ആലീസ് ഉണ്ണികൃഷ്ണൻ എല്ലാ കുട്ടികൾക്കും കേരളലളിതകലാ അക്കാദമിയുടെ സർട്ടിഫക്കറുകൾ നൽകി. കേരളസംഗീതനാടക അക്കാദമിയുടെ പുരസ്ക്കാര ജേതാവായ ആലീസ് ഉണ്ണികൃഷ്ണനെ സ്നേഹാശ്രമം സ്നേഹോപഹാരം നൽകി ആദരിച്ചു.
സ്നേഹാശ്രമത്തിലെ അമ്മമാരുടെ സ്നേഹത്തിനു മുന്നിൽ കണ്ണീരണിഞ്ഞ ഗായിക അവർക്കായി പഴയ പാട്ടുകളും ലളിതസഹസ്രനാമസ്തോത്രങ്ങളും ആലപിച്ചു.
ഗാനമേളകളിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗം അമ്മമാരുടെ ക്ഷേമത്തിനായി സമർപ്പിക്കുമെന്നും ആലീസ് ഉറപ്പ് നൽകി. ക്ലാസുകൾ നയിച്ച എൻ.നസീർ കായംകുളം, മഹേഷ് കിളിമാനൂർ,ആർട്ടിസ്റ്റ് ലീനാരാജ് , ആർട്ടിസ്റ്റ് സന്ധ്യ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
സ്നേഹാശ്രമം ഡയറക്ടർ പത്മാലയം ആർ.രാധാഷ്ണൻ, സെക്രട്ടറി പി.എം.രാധാകൃഷ്ണൻ, കെ.എം.രാജേന്ദ്രകുമാർ, ജി.രാമചന്ദ്രൻപിള്ള എന്നിവർ ചടങ്ങിൽ പങ്കെടുത്തു.