പരമ്പരാഗത വ്യവസായങ്ങളെ പുനരുദ്ധരിക്കണം: സി.ആർ.മഹേഷ് എംഎൽഎ
1564329
Monday, June 2, 2025 6:34 AM IST
കൊല്ലം: കൊല്ലത്തെ പരമ്പരാഗത വ്യവസായങ്ങളായ കയർ, കൈത്തറി, തഴപ്പനെയ്ത് എന്നിവയെ പരിപോഷിപ്പിക്കാനുള്ള സത്വര നടപടികൾ സ്വീകരിക്കണമെന്ന് സി. ആർ. മഹേഷ് എം എൽ എ ആവശ്യപ്പെട്ടു.
അഭിലാഷാ ചാരിറ്റബിൾ സൊസൈറ്റിയും നബാർഡും സംയുക്തമായി തഴവയിൽ 15 ദിവസം നീണ്ടുനിൽക്കുന്ന തഴപ്പായും തഴ ഉല്പന്നങ്ങളുടേയും നിർമാണ പരിശീലനപരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തഴവയുടെ സാംസ്കാരിക പാരമ്പര്യം കൂടിയായ തഴപ്പായും തഴ ഉല്പന്നങ്ങളും ലോക മാർക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഇടപെടൽ അനിവാര്യമാണെന്നും സി. ആർ. മഹേഷ് പറഞ്ഞു.
ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീലത അധ്യക്ഷത വഹിച്ചു. നബാർഡ് എ ജി എം. ജെ. രാഖിമോൾ, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് അംഗം സുനിത അശോക്, തഴവ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എസ്. വത്സല, ആർ. സുജ, സലില ദേവി,
ചെറാശേരിയിൽ കൃഷ്ണകുമാർ, ശ്രീകുമാരി ആർ. ചന്ദ്രൻ, ജേക്കബ് ഉമ്മൻ, ഡോ. ആർ. ഡി. അയ്യർ എന്നിവർ പ്രസംഗിച്ചു.15 ദിവസം നീണ്ടുനിൽക്കുന്ന പരിശീലന പരിപടി13 ന് സമാപിക്കും.