സത്യം തമസ്കരിക്കപ്പെടുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്: എന്‍.കെ.പ്രേമചന്ദ്രന് എംപി
1564829
Wednesday, June 4, 2025 7:01 AM IST
അഞ്ചല്‍ : ചരിത്രത്തെ മറന്നുകൊണ്ടു സത്യത്തെ തമസ്കരിക്കപ്പെടുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്ന് എന്‍.കെ.പ്രേമചന്ദ്രന് എംപി. സമൂഹമാധ്യമങ്ങളില്‍ വരുന്ന ശരിയും തെറ്റും മനസിലാക്കി പ്രവര്‍ത്തിക്കാന്‍ യുവ തലമുറ തയാറാകണമെന്നും പ്രേമചന്ദ്രന് പറഞ്ഞു.
അലയമണ്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ കീഴിലെ 5,11,12 വാര്‍ഡ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ കരുകോണില്‍ സംഘടിപ്പിച്ച പ്രതിഭാസംഗമവും അനുമോദന ചടങ്ങും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു എംപി.
എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ വിജയിച്ച കുട്ടികളെ ചടങ്ങില്‍ അനുമോദിച്ചു. ദീര്‍ഘകാലം അലയമണ്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വഹിച്ച സാം പനംകുന്നേലിനെ എംപി ആദരിച്ചു. വാര്‍ഡ് പ്രസിഡന്റ് അനില്‍ പൊയ്കവിള അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഡിസിസി ജനറല്‍ സെക്രട്ടറി ഏരൂര്‍ സുഭാഷ്,
ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ. ശ്രീകുമാര്‍ ,നേതാക്കളായ എം.എം .സാദിഖ്, എച്ച്. സുനില്‍ ദത്ത്, കെ.ജി. സാബു തുടങ്ങിയവർ പ്രസംഗിച്ചു. വിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകാരണങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു .