കാർ പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കം: അഭിഭാഷകനും യുവാവിനും മർദനമേറ്റു
1568604
Thursday, June 19, 2025 5:59 AM IST
കൊല്ലം: കളക്ടറ്ററേറ്റ് വളപ്പിൽ കാർ പാർക്ക് ചെയ്യുന്നതിനുമായി ബന്ധപ്പെട്ടുണ്ടായ തർക്കം കൈയാങ്കളിയിൽ കലാശിച്ചു.യുവാവിനും അഭിഭാഷകനും മർദനമേറ്റു. നിലമേൽ സ്വദേശി സിദ്ധീഖ്, അഡ്വ. ഐ.കെ കൃഷ്ണകുമാർ എന്നിവർക്കാണ് മർദനമേറ്റത്. ഇന്നലെ രാവിലെ 11.30ഓടെയായിരുന്നു സംഭവങ്ങൾക്ക് തുടക്കം.
ആർടി ഓഫിസിൽ പരാതി കൊടുക്കാൻ എത്തിയ യുവതിയുടെ കാറിന് കുറുകെ വാഹനം പാർക്ക് ചെയ്തതിനെച്ചൊല്ലിയുള്ള തർക്കമാണ് അഭിഭാഷകരുമായി കൈയാങ്കളിയിൽ എത്തിയത്. കൊല്ലം സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ആർടി ഓഫിസിലേക്ക് പരാതി നൽകാനായാണ് കടയ്ക്കൽ സ്വദേശി ഷമീന, ഡ്രെെവർ സിദ്ധീഖുമായി എത്തിയത്. പരാതി നൽകിയ ശേഷം തിരികെ പോകാൻ വാഹനത്തിനടുത്ത് എത്തിയപ്പോൾ, ഇവരുടെ വാഹനം പാർക്ക് ചെയ്തിരുന്നതിന് കുറുകെ മറ്റൊരു വാഹനം പാർക്ക് ചെയ്ത നിലയിലായിരുന്നു.
കോടതിയിലെത്തിയ കൊല്ലം ബാറിലെ അഭിഭാഷകനായ ഐ.കെ കൃഷ്ണകുമാറിന്റെതാണെന്ന് തിരക്കി അറിഞ്ഞു. തുടർന്ന് അഭിഭാഷകനോട് കാർ മാറ്റിത്തരാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് യുവതി പറഞ്ഞു. എന്നാൽ, വാഹനം മാറ്റാൻ കൂട്ടാക്കാതെ വന്നപ്പോൾ അഭിഭാഷകനും വാഹന ഉടമയും ഡ്രെെവറുമായി തർക്കമുണ്ടായവുകയും കൈയാങ്കളിയിലെത്തുകയുമായിരുന്നു. ഇരുവർക്കും മർദനമേറ്റു.
ഇത് കണ്ട് കോടതി വളപ്പിലുണ്ടായിരുന്ന അഭിഭാഷകർ കൂട്ടത്തോടെയെത്തി തന്നെയും ഡ്രൈവർ സിദ്ധിഖിനെയും മർദിച്ചുവെന്ന് ഷെമീന പറയുന്നു.
എന്നാൽ, അഭിഭാഷകരുടെ വാഹനങ്ങങ്ങൾ പാർക്ക് ചെയ്യുന്ന ഇടത്ത് ആയിരുന്നു ഇവർ വാഹനം പാർക്ക് ചെയ്തിരുന്നതെന്ന് അഡ്വ. കൃഷ്ണകുമാർ പറഞ്ഞു. കോടതി സമയത്താണ് താൻ എത്തിയത്.
വേഗം വാഹനം പാർക്ക് ചെയ്ത് കേസുണ്ടായതിനാൽ കോടതിയിലേക്ക് പോയി. നടപടികൾ പൂർത്തിയാക്കി തിരികെ വന്ന് കാർ മാറ്റിക്കൊടുക്കാൻ എത്തിയപ്പോൾ, യുവതിയും ഡ്രെെവറും മോശമായി സംസാരിക്കുകയും തന്റെ കെെയിൽ നിന്നും ബലം പ്രയോഗിച്ച് താക്കോൽ പിടിച്ചുവാങ്ങാനും ശ്രമിച്ചു.
തുടർന്ന് ഡ്രെെവറായ യുവാവ് മർദിക്കുകയായിരുന്നുവെന്ന് അഭിഭാഷകൻ പറയുന്നു. ഇരുകൂട്ടരും ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ഇരുപക്ഷത്തിന്റെയും പരാതിയുടെ അടിസ്ഥാനത്തിൽ കൊല്ലം വെസ്റ്റ് പോലീസ് കേസെടുത്തിട്ടുണ്ട്. പരാതിക്കാരുടെ മൊഴികളും പോലീസ് രേഖപ്പെടുത്തി.