ആര്യങ്കാവ് സെന്റ് മേരീസ് ഹൈസ്കൂളിൽ വായന പക്ഷാചരണത്തിന് ഇന്ന് തുടക്കം
1568605
Thursday, June 19, 2025 5:59 AM IST
ആര്യങ്കാവ് : വായന വാരാചരണത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ ആര്യങ്കാവ് സെന്റ് മേരീസ് ഹൈസ്കൂളിൽ നടത്തും.വായനാദിനമായ ഇന്ന് പി.എൻ. പണിക്കർ അനുസ്മരണ അസംബ്ലിയും ഭാഷാപ്രതിജ്ഞയും വിവിധ മത്സരങ്ങളും നടത്തും.
തുടർന്ന് 27വരെ ഒരോ ദിവസവും വ്യത്യസ്തങ്ങളായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. 20ന് ഒരോ കുട്ടിയേയും വായനയിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ "ഒരു ക്ലാസ്, ഒരു ലൈബ്രറി" പദ്ധതി ഉദ്ഘാടനം ചെയ്യും.
23ന്സ്കൂൾ ലൈബ്രറി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ "എന്റെ ഒരു പുസ്തകം എന്റെ വിദ്യാലയത്തിന് " എന്ന പദ്ധതിയിലൂടെ കുട്ടികളും രക്ഷകർത്താക്കളും സ്കൂളിന് ലൈബ്രറി പുസ്തകങ്ങൾ സംഭാവന നൽകുന്ന പദ്ധതിക്ക് തുടക്കം കുറിക്കും. 24ന് പ്രശസ്ത എഴുത്തുകാരുടെ ഗ്രന്ഥങ്ങളുടെ പ്രദർശനവും 25, 26 തീയതികളിൽ വിവിധ ഭാഷകളിൽ വ്യത്യസ്ത മത്സരങ്ങളുംനടത്തും. 27ന് വിദ്യാർഥികളുടെ മാതാക്കളുടെ കലാസൃഷ്ടികൾ ശേഖരിച്ചും പുസ്തക വായനയിലേക്ക് അവരെ നയിക്കുന്നതുമായ അമ്മ വായനയും നടത്തും.
വിവിധ ദിവസങ്ങളിലായി സ്കൂൾ മാനേജർ ഫാ.ഫിലിപ്പ് തയ്യിൽ, ആര്യങ്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാ തോമസ്, പിടിഎ പ്രസിഡന്റ് ഷിബു മാത്യു, ഡീക്കൻ ജയ്ജിൻ തുടങ്ങിയവർ പ്രസംഗിക്കും. പരിപാടികൾക്ക് ഹെഡ്മാസ്റ്റർ ഷാനിൽ ജോസഫിനൊപ്പം ഭാഷാധ്യാപകരായ കാഞ്ചന റോസ് മാത്യു, സോഫിയ മരിയ ജോസഫ്, വി.കെ. റോയ് ,സിസ്റ്റർ അൽഫോൻസ അഗസ്റ്റിൻ, അനില ജി തോമസ്, സിസ്റ്റർ അൽഫോൺസ സ്കറിയ തുടങ്ങിയവർ നേതൃത്വം നൽകും.