കൊല്ലത്ത് അഭിഭാഷകർ ഇന്ന് കോടതികൾ ബഹിഷ്കരിക്കും
1568606
Thursday, June 19, 2025 5:59 AM IST
കൊല്ലം കോടതി വളപ്പിൽ പാർക്ക് ചെയ്തിരുന്ന അഡ്വ ഐ.കെ. കൃഷ്ണകുമാറിന്റെ കാറിന്റെ കാറ്റൂരി വിട്ട് അദ്ദേഹത്തെ മർദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കൊല്ലം ബാറിലെ അഭിഭാഷകർ ഇന്ന് കോടതി നടപടികളിൽ നിന്ന് വിട്ട് നിൽക്കാൻ കൊല്ലം ബാർ അസോസിയേഷൻ ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചു.
കോടതി വളപ്പിൽ അനധികൃതമായി കാർ പാർക്ക് ചെയ്ത യുവാവും യുവതിയും തങ്ങളുടെ കാറിന് തടസമായാണ് അഭിഭാഷകൻ കാർ പാർക്ക് ചെയ്തതെന്ന് പറഞ്ഞാണ് കോടതിയിൽ പോകാനായി വന്ന അഭിഭാഷകനെ കൈയേറ്റം ചെയ്തത്. ഒഴിഞ്ഞ് മാറിയ അഭിഭാഷകനെ വീണ്ടും കൈയേറ്റം ചെയ്യാൻ ശ്രമിച്ചപ്പോൾ മറ്റ് അഭിഭാഷകർ വന്ന് രക്ഷപ്പെടുത്തുകയായിരുന്നുവെന്ന് ബാർ അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
അഭിഭാഷകരുടെ ദീർഘനാളായുള്ള ആവശ്യമായ അഭിഭാഷക സംരക്ഷണ നിയമം ഉടൻ നടപ്പാക്കണമെന്ന് ബാർ അസോസിയേഷൻ കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. തൊഴിലിടങ്ങളിൽ അഭിഭാഷകർ അക്രമം നേരിടുന്ന സംഭവങ്ങൾ വർധിച്ചു വരികയാണ്.
ഇന്ന് രാവിലെ 11 ന് കൊല്ലം ബാർ അസോസിയേഷൻ അടിയന്തിര ജനറൽ ബോഡി യോഗം കൂടി തുടർ നടപടികൾ സ്വീകരിക്കുമെന്ന് പ്രസിഡന്റ് ഓച്ചിറ.എൻ. അനിൽകുമാർ, സെക്രട്ടറി എ.കെ.മനോജ് എന്നിവർ അറിയിച്ചു.