ചാനൽ സംഘത്തെ ആക്രമിച്ച അഭിഭാഷകർക്കെതിരെ നടപടി വേണം: കെയുഡബ്ല്യുജെ
1568607
Thursday, June 19, 2025 5:59 AM IST
കൊല്ലം: വാർത്താ ശേഖരണത്തിന് കൊല്ലം സിവിൽ സ്റ്റേഷൻ പരിസരത്ത് എത്തിയ റിപ്പോർട്ടർ ടിവി വാർത്താ സംഘത്തെ ഒരു സംഘം അഭിഭാഷകർ കൈയേറ്റം ചെയ്തതിൽ കേരള പത്രപ്രവർത്തക യൂണിയൻ കൊല്ലം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.
കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് യൂണിയൻ ആവശ്യപ്പെട്ടു. വാർത്തയെടുക്കാൻ സിവിൽ സ്റ്റേഷൻ പരിസരത്ത് എത്തിയ റിപ്പോർട്ടർ ടിവി റിപ്പോർട്ടർ ദിലീപ് ദേവസ്യ, കാമറാമാൻ അബു താഹിർ എന്നിവരെയാണ് ഒരു സംഘം അഭിഭാഷകർ അകാരണമായി കൈയേറ്റം ചെയ്തത്. കാമറ, മൈക്ക് തുടങ്ങിയ ഉപകരണങ്ങൾക്ക് കേടുപാട് വരുത്തി.
ചിത്രീകരിച്ച ദൃശ്യങ്ങൾ മായിച്ചു കളഞ്ഞില്ലെങ്കിൽ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. ഇന്നലെ വൈകുന്നേരം 5.30 ഓടെ വാർത്താശേഖരണത്തിനായി കോടതി വളപ്പിൽ എത്തിയ ചാനൽ സംഘത്തിനാണ് അതിക്രമം നേരിടേണ്ടിവന്നത്.
സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന് വിഘാതം സൃഷ്ടിക്കുന്ന ഇത്തരം ഹീന നടപടികൾ അവസാനിപ്പിക്കാൻ ശക്തമായ നടപടി വേണമെന്നും അക്രമികളെ നിയമത്തിനു മുമ്പിൽ കൊണ്ടുവരണമെന്നും കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ പ്രസിഡന്റ്് ഡി. ജയകൃഷ്ണൻ, സെക്രട്ടറി സനൽ ഡി. പ്രേം എന്നിവർ ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി വെസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതിയും നൽകി.