കൊല്ലം ബിഷപ് ജെറോം ഇൻസ്റ്റിറ്റ്യൂട്ടിൽ നാഷണൽ കോൺഫറൻസ് ഇന്നു മുതൽ
1568608
Thursday, June 19, 2025 5:59 AM IST
കൊല്ലം: ബിഷപ് ജെറോം ഇൻസ്റ്റിറ്റ്യൂട്ടിൽ കംപ്യൂട്ടർ സയൻസ് ആന്റ് എൻജിനീയറിംഗ്, സിവിൽ എൻജിനീയറിംഗ് വിഭാഗങ്ങളുടെ ആഭിമുഖ്യത്തിൽ നാഷണൽ കോൺഫറൻസ് ഓൺ എമേർജിംഗ് ട്രെൻഡ്സ് ആന്റ് ഇനോവേഷൻ ഇന്നും നാളെയുമായി നടക്കും.
ഐഇഐ കൊല്ലം ലോക്കൽ സെന്ററിന്റെയും ഹാബിലേറ്റ് ലേർണിംഗ് സൊലൂഷൻസിന്റെയും സഹകരണത്തോടെ നടക്കുന്ന കോൺഫറൻസിന് പുതിയ സാങ്കേതിക വിദ്യകളെയും നവീന സംരംഭങ്ങളെയും ആഴത്തിൽ വിശകലനം ചെയ്യുക എന്നതാണ് ലക്ഷ്യമെന്ന് സംഘാടകർ പറഞ്ഞു.
ഇന്ന് രാവിലെ പത്തിന് പ്രിൻസിപ്പൽ ഡോ. എ. ആർ. അനിൽ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഐബിഎം കൊച്ചിയിലെ സീനിയർ ഡാറ്റാ സയന്റിസ്റ്റ് ഡോ. ബിന്ദു കൃഷ്ണൻ മുഖ്യ അതിഥിയായി പങ്കെടുത്ത് ഉദ്ഘാടനം നിർവഹിക്കും.
ഏ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക സർവകലാശാല അസിസ്റ്റന്റ് ഡയറക്ടർ ഡോ. കെ. ബിജു തിരുവനന്തപുരം, കോളജ് ഓഫ് എൻജിനീയറിംഗ് പ്രഫ. ഡോ. എ.പ്രവീൺ എന്നിവർ മുഖ്യ പ്രഭാഷണം നടത്തും.
രാജ്യത്തെ വിവിധ ഹൈടെക് മേഖലകളിൽ പ്രവർത്തിക്കുന്ന വിദഗ്ധർ പങ്കെടുക്കുന്ന സമ്മേളനം വിദ്യാർഥികൾക്കും അധ്യാപകർക്കും ഗവേഷകർക്കും ടെക്നോളജിയിൽ പുതിയ നേട്ടങ്ങൾ കൊണ്ടുവരാനും പുതിയ ഗവേഷണങ്ങൾ അവതരിപ്പിക്കാനുമുള്ള മികച്ച അവസരമാണ് ഒരുക്കുന്നത്.
പ്രബന്ധങ്ങൾ അവതരിപ്പിക്കുന്നവരുടെ ആശയങ്ങൾ അവലോകനം ചെയ്യുന്നതിന് ഡോ. എച്ച്. കെ. സുഗന്ധിനി, ഡോ. ലക്ഷ്മൺ കുട്വ (മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കർണടക) തുടങ്ങിയവർ സംബന്ധിക്കും.
കോൺഫറൻസിൽ കേരളത്തിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമായി 150-ൽപ്പരം പേർ പങ്കെടുക്കും. മൂന്ന് സെഷനുകളിലായി ഓൺലൈനായും ഓഫ് ലൈനായും 42 പ്രബന്ധങ്ങൾ അവതരിപ്പിക്കും. കൂടുതൽ വിവരങ്ങൾക്ക്9387265487, 9496244355 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
വിദ്യാർഥികൾക്കും അധ്യാപകർക്കും വ്യവസായ രംഗത്ത് പ്രവർത്തിക്കുന്നവർക്കും അവരുടെ ഗവേഷണ പ്രവർത്തനങ്ങൾ പ്രബന്ധ രൂപത്തിൽ അവതരിപ്പിക്കുന്നതിനുള്ള അവസരം ഉണ്ടാകും.
സാങ്കേതിക വിദ്യയുടെ പുതിയ സാധ്യതകൾ ചർച്ച ചെയ്യുന്ന ദേശീയ കോൺഫറൻസിൽ അറിവ് പങ്കുവയ്ക്കുന്നതിനുള്ള മികച്ച അവസരമായിരിക്കും ലഭ്യമാക്കുകയെന്നും സംഘാടകർ അറിയിച്ചു.
പത്രസമ്മേളനത്തിൽ കോളജ് പ്രിൻസിപ്പൽ ഡോ. എ. ആർ.അനിൽ, കംപ്യൂട്ടർ സയൻസ് വിഭാഗം മേധാവി ദീപാ രാജൻ, സിവിൽ എൻജിനീയറിംഗ് വിഭാഗം മേധാവി ഡോ. സുധി മേരി കുര്യൻ, പിആർഒ ബിബി ഫിലിപ്പ് തുടങ്ങിയവർ പങ്കെടുത്തു.