തെന്മല ഇക്കോടൂറിസത്തിലെ നവീകരിച്ച മ്യൂസിക്കൽ ഫൗണ്ടന്റെ ട്രയൽ റൺ നടത്തി
1568612
Thursday, June 19, 2025 5:59 AM IST
തെന്മല : പുതിയ ഫോർമേഷനുകളും മറ്റും ചേർത്ത് കൂടുതൽ ഭംഗിയോടെ ആധുനികവൽക്കരിച്ച് ലേസർ വീഡിയോ വാൾ അക്വാസ്ക്രീൻ അതിലുള്ള വീഡിയോ പ്രൊജക്ഷൻ എന്നിവ ഉൾപ്പെടുത്തി നിർമിച്ച തെന്മല ഇക്കോടൂറിസത്തിലെ മ്യൂസിക്കല്‍ ഫൗണ്ടന്റെ ട്രയൽ റൺ കഴിഞ്ഞ ദിവസം നടത്തി.
പി.എസ്. സുപാൽ എംഎല്‍എ, തെന്മല ഇക്കോടൂറിസം സിഇഒ ശ്രീധന്യാ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ട്രയല്‍ റണ്‍. നവീകരണ പ്രവര്‍ത്തികളുടെ ഭാഗമായി വിനോദ സഞ്ചാരികള്‍ക്ക് ഇരിക്കാൻ ഉള്ള ഗാലറി കൂടുതലായി 300 പേർക്ക് കൂടിയിരിക്കാവുന്ന നിലയിൽ വികസിപ്പിച്ചിട്ടുണ്ട്. വാട്ടർ കർട്ടൻ കൂടുതൽ ആകര്‍ഷകവും മികവുറ്റതാക്കി. മ്യൂസിക്കൽ ഫൗണ്ടന്റെ കവാടം നവീകരിച്ചിട്ടുണ്ട്.
സംസ്ഥാന സർക്കാർ ടൂറിസം വകുപ്പിന്റെ ബജറ്റിൽ നിന്നും ഒരു കോടി 82 ലക്ഷം രൂപ ചെലവാക്കിയാണ് പദ്ധതി നടപ്പിലാക്കി വരുന്നത്. കേരള സംസ്ഥാന നിർമിതികേന്ദ്ര ംവഴി നടപ്പിലാക്കുന്ന പദ്ധതി ഡൽഹി ആസ്ഥാനമായ സ്ഥാപനം മുഖേനയാണ് മ്യൂസിക്കൽ പൗഡൻ സ്ഥാപിച്ചുവരുന്നത്. 25 വർഷത്തിനുശേഷം പഴയ ഫൗണ്ടൻ പൂർണമായി മാറ്റി ആധുനികവും കൂടുതൽ ആകർഷകവും ആധുനിക സൗകര്യങ്ങള്‍ ഒരുക്കിയുമാണ് പുതിയ ഫൗണ്ടൻ നിർമിച്ചിട്ടുള്ളത്.
വീഡിയോ ജലത്തിൽ തന്നെ കാണാൻ കഴിയുന്നു എന്നതും ഇതിന്റെ ഒരു പ്രത്യേകതയാണ് .വീഡിയോയോടൊപ്പം ലേസർ ഷോയും പ്രത്യേകതയാണ്. ഇതിനാൽ വിനോദ സഞ്ചാരികൾക്ക് ദൃശ്യ ശ്രവ്യ അനുഭവമായിരിക്കും തെന്മല ഇക്കോ ടൂറിസം സമ്മാനിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.