പാളത്തിലേക്ക് ചാഞ്ഞുനിന്ന മരങ്ങൾ റെയിൽവേ മുറിച്ചുമാറ്റി
1568613
Thursday, June 19, 2025 5:59 AM IST
കൊല്ലം:മരംവീണ് ട്രെയിൻ ഗതാഗതം തടസപ്പെട്ട പോളയത്തോട് ഭാഗത്ത് റെയിൽവേ പാളത്തിന്റെ വശങ്ങളിലുള്ള മരങ്ങൾ മുറിച്ച് നീക്കി. റെയിൽവേ അധികൃതരുടെ മേൽനോട്ടത്തിലാണ് മരങ്ങൾ മുറിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് പോളയത്തോട് ഭാഗത്ത് പാളത്തിൽ മരംവീണ് ട്രെയിൻ ഗതാഗതം തടസപ്പെട്ടത്. പോളയത്തോട്ടിലെ കോർപറേഷൻ ശ്മശാന പരിസരത്ത് നിന്നുള്ള മരമാണ് റെയിൽവേ ട്രാക്കിലേക്ക് ഒടിഞ്ഞുവീണത്.
രണ്ടു ട്രാക്കുകളിലേക്കും മരംവീണതിനെ തുടർന്ന് മണിക്കൂറോളം ട്രെയിൻ ഗതാഗതം തടസപ്പെട്ടിരുന്നു. വൈകുന്നേരം കന്യാകുമാരി-പുനലൂർ പാസഞ്ചർ കടന്നുവരുന്നതിന് തൊട്ടുമുമ്പായിരുന്നു മരംവീണ് ഇലക്ട്രിക് ലൈനിൽ തീപിടിച്ചത്. ഇതിന് സമീപത്തെ റെയിൽവേ ഗേറ്റ് അടക്കാനെത്തിയ ഗേറ്റ് കീപ്പറുടെ സമയോചിതമായ ഇടപെടൽ മൂലമാണ് 200 മീറ്റർ അകലെ ട്രെയിൻ നിർത്താനായത്.
മരച്ചില്ലകൾ മുറിച്ചുമാറ്റി രണ്ടു മണിക്കൂറിന് ശേഷം രാത്രി 9.15നാണ് ഒരു ലൈൻ വഴി ട്രെയിനുകൾ കടത്തിവിട്ടത്. തിങ്കളാഴ്ച രാവിലെ മൂന്നോടെയാണ് ട്രെയിൻ ഗതാഗതം പൂർണമായും പുനഃസ്ഥാപിച്ചത്. ശ്മശാനത്തിന്റെ ഭാഗത്ത് പാളത്തിന്റെ ഇരുവശങ്ങളിലും അപകടകരമായി നിന്ന മരങ്ങളാണ് ഇന്നലെ മുറിച്ചു നീക്കിയത്.
അപകടത്തെ തുടർന്ന് മരംമുറിച്ചു നീക്കണമെന്നാവശ്യപ്പെട്ട് കോർപ്പറേഷൻ അധികൃതർക്ക് റെയിൽവേ കത്ത് നൽകിട്ടും മറുപടി ലഭിക്കാത്തതിനെ തുടർന്നാണ് റെയിൽവേ തന്നെ മരങ്ങൾ മുറിച്ച് നീക്കിയത്.