കൊട്ടാരക്കരയിൽ ഹാപ്പിനെസ് പാർക്ക് യാഥാർഥ്യമാകുന്നു
1568614
Thursday, June 19, 2025 6:14 AM IST
കൊട്ടാരക്കര : റെയിൽവേ സ്റ്റേഷന് സമീപം നീലേശ്വരം റോഡിൽ സർക്കാർ വക ഭൂമിയിൽ കൊട്ടാരക്കര നഗരസഭയുടെ ഹാപ്പിനെസ് പാർക്കിന്റെ സർവേ നടപടികൾ പൂർത്തിയായി. വില്ലേജ് ഓഫിസർ നഗരസഭയ്ക്ക് പാർക്കിനായി കഴിഞ്ഞ ദിവസം 10സെന്റ് ഭൂമിയുടെ കരാർ ഉടമ്പടി കൈമാറിയിരുന്നു.
ഇരിപ്പിടങ്ങൾ, ലഘു വ്യായാമസംവിധാനം, പൂന്തോട്ടം, ടോയ്ലെറ്റ്, അലങ്കാരകൗതുകങ്ങൾ, കളിക്കോപ്പുകൾ എന്നിവയൊക്കെ ചേർത്താണ് ഇവിടെ ഹാപ്പിനെസ് പാർക്ക് ഒരുക്കുന്നത്. കൊട്ടാരക്കര റെയിൽവേ സ്റ്റേഷനിൽ ട്രെയിനിനായി ഏറെ നേരം കാത്തിരിക്കേണ്ടി വരുന്നവർക്ക് 200മീറ്റർ ദൂരമുള്ള ഈ പാർക്ക് പ്രയോജനപ്പെടും എന്നാണു വിലയിരുത്തൽ.
സായന്തനങ്ങളിൽ പ്രദേശ വാസികൾക്കും പാർക്ക് പ്രയോജനപ്പെടും. സമീപത്തുള്ള സർക്കാർ ഓഫീസുകളിൽ എത്തുന്നവർക്കും ഈ പാർക്ക് പ്രയോജനപ്രദമാകും. പുറമ്പോക്ക് ഭൂമിയായ ഈ സ്ഥലം നഗരസഭയ്ക്ക് നൽകണമെന്ന് നഗര സഭ റവന്യൂ വകുപ്പിന് കത്ത് നൽകിയിരുന്നു. സ്ഥലത്തിന് 58.940.രൂപ വാർഷിക പാട്ട കരാർ ആയി നിശ്ചയിച്ചു 10വർഷത്തേക്കാണ് താൽക്കാലികമായി ഭൂമി റവന്യൂ വകുപ്പ് കൈമാറിയിട്ടുള്ളത്.
നഗരസഭ ചെയർമാൻ അഡ്വ. കെ. ഉണ്ണികൃഷ്ണമേനോൻ, മുൻ ചെയർമാൻ എസ്. ആർ രമേശ്, കൗൺസിലർമാരായ കണ്ണാട്ട് രവി, ജേക്കബ് വർഗീസ് വടക്കിടത്ത്, ഗിരീഷ് കുമാർ, മിനികുമാരി, സുഷമ, വില്ലേജ് ഓഫീസർ വി ജോബി, സ്പെഷ്യൽ വില്ലേജ് ഓഫീസർ ബി. മനേഷ് എന്നിവരാണ് ഭൂമി അളന്ന് നഗരസഭയ്ക്ക് കൈമാറുന്ന നടപടിക്ക് നേതൃത്വം നൽകിയത്.