സംരക്ഷണ ഭിത്തികൾ തകർത്ത് കടൽ കയറുന്നു : ആശങ്കകൾ വിട്ടുമാറാതെ തീരദേശവാസികൾ
1568615
Thursday, June 19, 2025 6:14 AM IST
വർഗീസ് എം.കൊച്ചുപറമ്പിൽ
ചവറ : കടൽക്ഷോഭം രൂക്ഷമായതോടുകൂടി കടൽ സംരക്ഷണ ഭിത്തികൾ തകർന്ന ഭാഗത്ത് കൂടിയുള്ള കടൽ കയറ്റം തീരദേശ വാസികളെ ആശങ്കയിലാഴ്ത്തുന്നു. കഴിഞ്ഞ ദിവസങ്ങളിലായി ശക്തമായ കടൽ കയറ്റമാണ് നീണ്ടകര, ചവറ, പന്മന പഞ്ചായത്തുകളിലെ തീര പ്രദേശങ്ങളിൽ ഉണ്ടായിരിക്കുന്നത്. നീണ്ടകര ഹാർബറിന് വടക്കുവശം മുതൽ പൊന്മന വരെയുള്ള കടൽഭിത്തി തകർന്ന ഭാഗങ്ങളിലൂടെയാണ് കടൽ കയറുന്നത്.
ഏറ്റവും കൂടുതൽ കടൽ കയറ്റം ഉണ്ടായിരിക്കുന്നത് നീണ്ടകര പുത്തൻതുറ ഭാഗങ്ങളിലാണ്. ഇവിടെ ഏറിയ ഭാഗവും പാറ ഇട്ട് അടിക്കി വെച്ചിട്ടുള്ള കടൽഭിത്തികൾ പൂർണ്ണമായും തകർന്ന നിലയിലാണ്. ഈ ഭാഗങ്ങളിലെ കരകളെ തിരമാലകൾ കവർന്ന് കൊണ്ടിരിക്കുകയാണ് . കൃത്യമായ സമയങ്ങളിൽ കടൽഭിത്തികൾ സംരക്ഷിക്കാത്തതാണ് കടൽക്ഷോഭത്തിൽ കടൽ കയറ്റം ഉണ്ടാകാൻ കാരണമാകുന്നതെന്ന് നാട്ടുകാർ പറഞ്ഞു.
കഴിഞ്ഞദിവസങ്ങളിൽ ഉണ്ടായ കടൽക്ഷോഭത്തിൽ പുത്തൻതുറ പണ്ഡിറ്റ് കറുപ്പ് നഗറിലെ തീര ഭാഗങ്ങളിൽ കടൽ കയറ്റം ശക്തമായിരുന്നു. ഇവിടത്തെ വീടുകൾക്ക് തിരമാലകൾ ഭീഷണിയായിരിക്കുകയാണ്. പലപ്പോഴും രാത്രിയിൽ ഈ പ്രദേശത്തുള്ളവർക്ക് ശക്തമായ തിരമാലകൾ ഉണ്ടാകുന്നതിനാൽ ഉറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാണ്.
നീണ്ടകര മുതൽ പൊന്മന വരെയുള്ള ഭാഗങ്ങൾ ഏറിയ ഭാഗവും ഐആർഇ , കെഎംഎംഎൽ കമ്പനികളുടെ ഖനന ഭാഗങ്ങളാണ്. കടൽക്ഷോഭം ഉണ്ടാകുന്ന സമയങ്ങളിൽ ജെസിബി ഉപയോഗിച്ച് മൺകൂനകൾ സ്ഥാപിക്കുകയും ചാക്കുകളിൽ മണ്ണ് നിറച്ച് അട്ടി വയ്ക്കുകയും ചെയ്യുകയാണ് പതിവ്.
എന്നാൽ ശക്തമായ തിരമാലകൾ ഇതിനെയെല്ലാം കവർന്നു കൊണ്ടുപോകുന്ന കാഴ്ചയാണ് ഉണ്ടാകുന്നതെന്നും പ്രദേശവാസികൾ പറയുന്നു.സംരക്ഷണഭിത്തികൾ പുനർനിർമാണം ചെയ്തിട്ടു വർഷങ്ങൾ ഏറെയായെന്നും നാട്ടുകാർ ആരോപിച്ചു. തീരദേശ സംരക്ഷണഭിത്തികൾ തകർന്ന ഭാഗത്തും പൊക്കം കുറഞ്ഞ ഭാഗത്തും വീതി കുറഞ്ഞ ഭാഗത്തും പാറകൾ ഇട്ട് തീരം സംരക്ഷിക്കണമെന്ന് ആവശ്യം ശക്തമായിരിക്കുകയാണ്.