ഗ്രീൻഫീൽഡ് ഹൈവേ പാക്കേജ് ഒന്നിന് 3740 കോടിയുടെ അടങ്കൽ പദ്ധതിക്ക് അനുമതിയായി
1568617
Thursday, June 19, 2025 6:14 AM IST
പുനലൂർ: ആര്യങ്കാവ് മുതല്‍ ഇടമൺ വരെ ഗ്രീൻഫീൽഡ് ഹൈവേ പാക്കേജ് ഒന്നിന്റെ നിർമാണത്തിന് 3740 കോടി രൂപ അടങ്കൽ പദ്ധതിക്ക് ദേശീയപാത അഥോറിറ്റി ഓഫ് ഇന്ത്യ അനുമതി നൽകിയതായി എൻ. കെ. പ്രേമചന്ദ്രൻ എം പി പുനലൂരിൽ പത്ര സമ്മേളനത്തിൽ അറിയിച്ചു.
ഗ്രീൻഫീൽഡ് ഹൈവേ രണ്ടു പാക്കേജുകൾ ആയിട്ടാണ് നടപ്പാക്കുന്നത്. ആദ്യ പാക്കേജ് ആര്യങ്കാവ് മുതൽ ഇടമൺ വരെയും രണ്ടാമത്തെ പാക്കേജ് ഇടമൺ മുതൽ കടമ്പാട്ടുകോണം വരെയുമാണ്. ഇടമൺ - കടമ്പാട്ടുകോണം 45 മീറ്റർ വീതിയിൽ ഗ്രീൻഫീൽഡ് ഹൈവേ ആയിട്ടാണ് നിർമിക്കുന്നത്.
ഇതിന് രൂപരേഖ തയാറാക്കി സമർപ്പിച്ചെങ്കിലും മലപ്പുറം ഉൾപ്പെടെ ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ വയലിലൂടെയും എട്ട് മീറ്റർ ഉയരത്തിൽ കുന്നിടിക്കുന്ന പ്രദേശങ്ങളിലൂടെയും കടന്നുപോകുന്ന റോഡിന്റെ നിർമാണ രൂപരേഖ വീണ്ടും പരിശോധിച്ച് സമർപ്പിക്കുവാനാണ് നിർദേശിച്ചിട്ടുള്ളത്.
പുനലൂർ പട്ടണത്തിലെ ഗതാഗതക്കുരുക്കു ഒഴിവാക്കാനായി സമർപ്പിച്ചിട്ടുള്ള പുനലൂർ നാഷണൽ ഹൈവേ ബൈപ്പാസ് കേന്ദ്രസർക്കാർ ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ വാർഷിക പ്ലാനിൽ ഉൾപ്പെടുത്തി നടപടികൾ സ്വീകരിച്ചു വരുന്നതായും എംപി പറഞ്ഞു.